ജെറ്റ് ഇന്ധന വില 12% കുറഞ്ഞു; വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകും

മുംബൈ: എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിൽ 12 ശതമാനം കുറവുണ്ടായ സാഹചര്യത്തിൽ വിമാനയാത്രാ ചെലവ് കുറയും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിനെ തുടർന്നാണ് ജെറ്റ് ഇന്ധന വില കുറഞ്ഞത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിജ്ഞാപന പ്രകാരം ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ഏവിയേഷൻ ടർബൈൻ ഇന്ധനം) വില കിലോലിറ്ററിന് 1.21 ലക്ഷം രൂപയായിരിക്കും. നേരത്തെ കിലോലിറ്ററിന് 138,147.93 രൂപയായിരുന്നു വില.

സാധാരണയായി, ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില എല്ലാ മാസവും 1, 16 തീയതികളിൽ പരിഷ്കരിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ അന്താരാഷ്ട്ര എണ്ണ വിലയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ധന വില പരിഷ്കരിക്കുന്നത്. മുംബൈയിൽ ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില 1,20,875.86 രൂപയാണ്. കൊൽക്കത്തയിൽ 1,26,516.29 എന്ന നിരക്കിലാണ് എടിഎഫ് ലഭ്യമാവുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് വ്യോമയാന ഇന്ധന വില കുറച്ചത്.

ഈ വർഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയുന്നത്. ജൂണിൽ കിലോലിറ്ററിൻ 141,232.87 രൂപയായിരുന്നു വില. ഈ വർഷം തുടക്കം മുതൽ 11 തവണയാണ് നിരക്ക് വർധിപ്പിച്ചത്. ഒരു എയർലൈനിന്റെ പ്രവർത്തന ചെലവിന്റെ 40 ശതമാനം ജെറ്റ് ഇന്ധനമായതിനാൽ, വില വർദ്ധനവും വിമാനത്തിന്റെ ചെലവ് വർദ്ധിപ്പിക്കും. നിലവിലെ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുമെന്നാണ് സൂചന.