ന്യൂഡല്‍ഹി: കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. മുംബൈയിലുണ്ടായ വാഹനാപകടത്തില്‍ ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവേ റോഡ് സുരക്ഷയാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അജണ്ടയെന്ന് ഗഡ്കരി പറഞ്ഞു. നിയമം അനുസരിച്ച് പിന്‍സീറ്റിലെ ബെല്‍റ്റ് ചട്ടങ്ങള്‍ പാലിക്കാത്ത ഒരു രാജ്യത്ത് റോഡ് സുരക്ഷയെ എങ്ങനെ കാണുന്നു എന്നതിന്റെ ഒരു പുതിയ പാഠമായിരുന്നു ഈ സംഭവം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടത്തിന്റെ കാരണത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങള്‍ ഇപ്പോള്‍ പറയുന്നത് വളരെ നേരത്തെയായി പോകും. പക്ഷേ, അദ്ദേഹത്തിന്റെ അപകടം നിര്‍ഭാഗ്യകരമാണ്. സൈറസ് മിസ്ത്രി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരു കാര്യം വളരെ പ്രധാനമാണ്, റോഡ് സുരക്ഷ രാജ്യത്തിന്റെ പരമോന്നത അജണ്ടയാണ്, ഈ സംഭവം നമ്മെ ഒരു പുതിയ പാഠം പഠിപ്പിക്കുന്നു’, ഗഡ്കരി പറഞ്ഞു.
പിന്നില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിയമം നിലവിലുണ്ടെന്നും എന്നാല്‍ കൂടുതല്‍ കര്‍ശനമായി നിയമം നടപ്പിലാക്കുന്നതിനായി 1000 രൂപ പിഴ ചുമത്തുമെന്നും ഗഡ്കരി പറഞ്ഞു. പിന്‍സീറ്റുകളിലും സീറ്റ് ബെല്‍റ്റ് അലാറം സംവിധാനം ഏര്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.