പ്രധാന അധ്യാപകൻ സ്കൂളിൽ വടിവാളുമായി എത്തി: പോലീസെത്തിയതോടെ സസ്പെൻഷൻ

സ്കൂളിൽ വടിവാളുമായി എത്തിയതിനെ തുടർന്ന് അധ്യാപകന് സസ്പെൻഷൻ. ആസാമിലെ കച്ചാർ ജില്ലയിലെ ലോവർ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാന അധ്യാപകനായ 38 കാരനായ ധൃതിമേധ ദാസ് ആണ് വടിവാളുമായി എത്തി ആശങ്ക സൃഷ്ടിച്ചത്.സിൽച്ചാറിലെ താരാപൂർ സ്വദേശിയാണ് ധൃതിമേധ ദാസ്. 11 വർഷത്തിലേറെയായി അധ്യാപകനായി ജോലി നോക്കുകയാണ് ഇയാൾ.

ഇയാൾ വടിവാളുമെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്കൂളിൽ എത്തിയപ്പോൾ അധ്യാപകൻ തന്റെ കയ്യിലിരുന്ന ആയുധം മറയ്ക്കാൻ ശ്രമിക്കുകയും എല്ലാം സാധാരണയെന്ന പോലെ അഭിനയിക്കുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥികളുടെയും മറ്റ് അധ്യാപകരുടെയും മുഖത്തെ ഭയം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്‌കൂളിലെ നാല് അധ്യാപകരെ കുറ്റപ്പെടുത്തുന്ന ചില കുറിപ്പുകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മറ്റൊരു കുറിപ്പിൽ, മൂന്ന് അധ്യാപകരെ കൊല്ലാൻ താൻ ആഗ്രഹിക്കുന്നതായി ഇയാൾ സൂചിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അധ്യാപകനെതിരെ തുടർനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായും പൊലീസ് കൂട്ടിച്ചേർത്തു. അധ്യാപകൻ വടിവാളുമായെത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.