പടക്ക ഫാക്ടറിയില്‍ സ്ഫോടനം, 3 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

തഡെപള്ളിഗുഡെമിന് സമീപമുള്ള പടക്ക നിര്‍മാണ യൂണിറ്റില്‍ രാത്രിയിലാണ് സ്‌ഫോടനം നടന്നത്. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട ഒരാളെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സ്ഫോടനം നടക്കുമ്പോള്‍ യൂണിറ്റിനുള്ളില്‍ 10 പേരെങ്കിലും ഉണ്ടായിരുന്നു എന്നാണ് നിഗമനം. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് രവി പ്രകാശ് പിടിഐയോട് പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി മരണത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.