ആമസോണിലൂടെ നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റു, ക്ലൗഡ്ടെയിലിന് 1 ലക്ഷം രൂപ പിഴ

ബിഐഎസ് മാനദണ്ഡങ്ങൾ ലംഘിച്ച് ആമസോണിലൂടെ നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ക്ലൗഡ്ടെയിൽ ഇന്ത്യയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. വിറ്റ 1,033 പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാനും ഉത്തരവിട്ടിട്ടുണ്ട്. ബിഐഎസ്  മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും ചീഫ് കമ്മിഷണർ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎയുടെ ഉത്തരവിൽ പറയുന്നുണ്ട്.
ഗാർഹിക പ്രഷർ കുക്കർ (ക്വാളിറ്റി കൺട്രോൾ) ഓർഡർ, 2020 പ്രകാരമാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രഷർ കുക്കറുകൾ വിൽക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ സിസിപിഎ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം മാൾ, ഷോപ്പ്ക്ലൂസ്, സ്നാപ്ഡീൽ എന്നിവയുൾപ്പെടെയുള്ള പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും ഈ പ്ലാറ്റ്‌ഫോമുകളിൽ റജിസ്റ്റർ ചെയ്ത വിൽപനക്കാർക്കും സിസിപിഎ നോട്ടീസ് നൽകിയിരുന്നു.
ആമസോൺ ബേസിക്‌സ് സ്റ്റെയിൻലെസ് സ്റ്റീൽ ഔട്ടർ ലിഡ് പ്രഷർ കുക്കർ, 4 ലീറ്റർ (വിസിൽ ഉപയോഗിച്ച് പ്രഷർ അലേർട്ട് നൽകുന്നില്ല) ആണ് ക്ലൗഡ്‌ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ വിറ്റിരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ക്യുസിഒ (ക്വാളിറ്റി കൺട്രോൾ ഓർഡർ) പ്രാബല്യത്തിൽ വന്നതിന് ശേഷം പ്രഷർ കുക്കറിന്റെ നിർമാണം താൽക്കാലികമായി നിർത്തിയതായി ക്ലൗഡ്ടെയിൽ സിസിപിഎയ്ക്ക് മറുപടി നൽകിരുന്നു. എന്നാൽ നിർമാണം താൽക്കാലികമായി നിർത്തിവച്ചെങ്കിലും അത്തരം പ്രഷർ കുക്കറുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നത് കമ്പനി നിർത്തിയിട്ടില്ലെന്ന് സിസിപിഎയുടെ അന്വേഷണത്തിൽ കണ്ടെത്തി.
ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കാത്ത മൊത്തം 1,033 യൂണിറ്റ് പ്രഷർ കുക്കറുകൾ ക്യുസിഒ യുടെ അറിയിപ്പ് വന്നതിനു ശേഷവും ആമസോൺ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി ക്ലൗഡ്‌ടെയിൽ വിറ്റു എന്നാണ് അറിയുന്നത്. വിറ്റ 1,033 യൂണിറ്റ് പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും തിരിച്ചുവിളിച്ച പ്രഷർ കുക്കറുകളുടെ വില ഉപഭോക്താക്കൾക്ക് തിരികെ നൽകാനും സിസിപിഎ ഉത്തരവിട്ടിട്ടുണ്ട്. ഇതോടൊപ്പം 45 ദിവസത്തിനകം കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാനും ക്ലൗഡ്ടെയിലിനോട് ആവശ്യപ്പെട്ടു.