കാത്തിരിപ്പുകൾക്ക് വിട, ‘മെസേജ് യുവർ സെൽഫ്’ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കളുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ‘മെസേജ് യുവർ സെൽഫ്’ ഫിച്ചറാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്വന്തം അക്കൗണ്ടിൽ തന്നെ കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും സാധിക്കുന്നതാണ്.

നിലവിൽ, തിരഞ്ഞെടുത്ത ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. വരും ആഴ്ചകളിൽ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുന്നതാണ്. ഇതിനായി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ ചാറ്റ് ക്രിയേറ്റ് ഓപ്ഷനിലൂടെ സ്വന്തം നമ്പർ തിരഞ്ഞെടുത്തതിനു ശേഷം മെസേജ് അയക്കാൻ സാധിക്കുന്നതാണ്. കൂടാതെ, ഉപയോക്താക്കൾക്ക് സ്വയം കുറിപ്പുകൾ പങ്കിടാനും ആപ്പിനുള്ളിലെ മറ്റു ചാറ്റുകളിൽ നിന്ന് മെസേജ്, മൾട്ടി മീഡിയ ഫയൽ എന്നിവയും കൈമാറാനും സാധിക്കുന്നതാണ്.