ടെലിമാർക്കറ്റിംഗ്: അനാവശ്യ ഫോൺകോൾ വിളികൾക്കെതിരെ കർശന നടപടിയുമായി ട്രായ്

ടെലിമാർക്കറ്റിംഗിന്റെ ഭാഗമായുളള അനാവശ്യ ഫോൺകോൾ വിളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് ടെക്നോളജി, സ്പാം ഡിറ്റക്റ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് ട്രായ് നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ അനാവശ്യ ഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നതിനെതിരെ നിരവധി ഉപഭോക്താക്കൾ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രായിയുടെ പുതിയ നീക്കം.

രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾക്കുള്ള കോളുകൾ വർദ്ധിച്ചിട്ടുണ്ട്. അനാവശ്യ സന്ദേശങ്ങളെ പോലെ തന്നെ ഇത്തരം ഫോൺവിളികളും നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് ട്രായിയുടെ വിലയിരുത്തൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരം തട്ടിപ്പുകൾക്ക് പൂട്ടിടുന്നത്.