മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു, ഇന്ത്യയിൽ നിന്ന് 17 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് തുടർന്ന് ആഗോളതലത്തിൽ ലക്ഷക്കണക്കിന് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്സ്മെന്റ് റിപ്പോർട്ടുകൾ പ്രകാരം, ആഗോളതലത്തിൽ 56 ലക്ഷത്തിലധികം വീഡിയോകളാണ് നീക്കം ചെയ്തത്. അതേസമയം, 2022 ജൂലൈയ്ക്കും സെപ്തംബറിനും ഇടയിൽ ഇന്ത്യയിൽ നിന്ന് 17 ലക്ഷം വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്.

ഇത്തവണ 94 ശതമാനത്തിലധികം വീഡിയോകളും ആദ്യം ഫ്ലാഗ് ചെയ്തത് മെഷീനുകളാണ്. ഇവയിൽ നിന്നും 36 ശതമാനം വീഡിയോകൾ വ്യൂസ് ലഭിക്കുന്നതിനു മുൻപ് തന്നെ നീക്കം ചെയ്തിട്ടുണ്ട്. മെഷീൻ ലേർണിംഗ്, ഹ്യൂമൻ റിവ്യൂവേഴ്സ് എന്നിവ ചേർന്ന് യൂട്യൂബ് വീഡിയോകൾ നിരീക്ഷിച്ചതിന് ശേഷമാണ് നയങ്ങൾ നടപ്പാക്കുന്നത്. നിലവിൽ, തെറ്റിദ്ധരിപ്പിക്കുന്ന ഡാറ്റ, ചിത്രങ്ങൾ, സ്കാമുകൾ, വീഡിയോ, കമന്റ് സ്പാം നയങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഭൂരിഭാഗം വീഡിയോകളും നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ നിരവധി സ്പാം കമന്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഏകദേശം 72.8 കോടിയിലധികം കമന്റുകളാണ് അക്കാലയളവിൽ നീക്കം ചെയ്തത്.