പത്തനംതിട്ട: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്തീയ ആധ്യാത്മിക കൂട്ടായ്മയായ മാരാമൺ കൺവൻഷനിൽ യുവജന സമ്മേളന വേദിയിൽ പ്രസംഗിക്കാൻ മുൻ കേന്ദ്ര മന്ത്രിയും എഴുത്തുകാരനുമായ ഡോ. ശശി തരൂർ എം പിയെ സംഘാടകർ ക്ഷണിച്ചു.മാരാമൺ കൺവൻഷനിൽ ഏറ്റവും അധികം വിശ്വാസികൾ പങ്കെടുക്കുന്ന ദിവസങ്ങളിൽ ഒന്നായ ശനിയാഴ്ച ആണ് ക്ഷണം സ്വീകരിച്ച് തരൂർ പമ്പാ നദീ തടത്തിലെ നഗറിലെ വിശാലമായ പന്തലിൽ എത്തുക.
മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തക്കും എപ്പിസ്ക്കോപ്പാമാർക്കും പുറമെ വിദേശ പ്രസംഗകർ അടക്കമുള്ളവർ ഓരോ വർഷത്തെയും യോഗങ്ങളിൽ പ്രസംഗിക്കും.സ്റ്റാൻലി ജോൺസ് അടക്കമുള്ള ലോക പ്രശസ്തരായ പ്രസംഗകർ മരാമണ്ണിൽ വിശ്വാസികളോട് സുവിശേഷത്തിന്റെ പൊരുൾ പങ്കു വച്ചിട്ടുണ്ട്.ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും സുനിൽ പി ഇളയിടവുമാണ് മാരാമൺ കൺവെൻഷനിൽ അടുത്ത കാലത്ത് പങ്കെടുത്തത്.
2023 ഫെബ്രുവരി 12 മുതൽ 19 വരെയാണ് ഈ വർഷത്തെ മാരാമൺ കൺവൻഷൻ നടക്കുന്നത്.18ന് തരൂർ പ്രസംഗിക്കും.കാലിക പ്രാധാന്യമുള്ള വിഷയമാണ് സാധാരണ മൂന്ന് ദിവസങ്ങളിലെ യോഗത്തിൽ അവതരിപ്പിക്കുന്നത്.മാരാമൺ കൺവൻഷനിലേക്ക് കേന്ദ്ര സംസ്ഥാന മന്ത്രിമാർ അടക്കമുള്ള പ്രമുഖ നേതാക്കൾക്ക് ക്ഷണം ഉണ്ടെങ്കിലും ഇവർക്കെല്ലാം ഇരിപ്പടം വേദിക്ക് പിന്നിലാണ്. ഈ വേദിക്കും മുന്നിലാണ് തരൂർ പ്രസംഗിക്കുക.മാർത്തോമ്മാ സഭയെ ആഗോളതലത്തിൽ മുന്നിലെത്തിച്ച മാരാമൺ കൺവൻഷൻ പന്തലിൽ തരൂരിന് കിട്ടിയ ക്ഷണം ചെറുതല്ല.