തൃശൂർ: തൃശൂർ അതിരൂപത നടത്തുന്ന ‘കാത്തോലിക്ക സഭ’ യുടെ മുഖപത്രത്തിലെ ‘ചീറിപ്പായുന്നത് ഏകാധിപത്യത്തിൻറെ വഴിയിലോ…?’ എന്ന ലേഖനത്തിൽ സർക്കാരിനേയും മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു. സർക്കാർ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്റെ വഴിയിലൂടെയാണെന്നും സർവമേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.
” സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഉദ്യോഗസ്ഥരുടെ മുഴുത്ത ശമ്പളവും പെൻഷനും അൽപ്പം കുറച്ച് മാതൃക കാട്ടാനോ, ഉദ്യോഗസ്ഥരെ കൊണ്ട് കൃത്യമായി പണിയെടുപ്പിച്ച് വരുമാനം വർധിപ്പിക്കാനോ നടപടിയില്ല.സാധാരണക്കാരെ വരെ ബന്ദിയാക്കി മുഖ്യമന്ത്രിക്ക് പാറിപ്പറക്കാൻ വഴിയൊരുക്കുന്നതിലൂടെ പ്രകടമാകുന്നത് കടുത്ത നീതി നിഷേധവും, സേച്ഛാധിപത്യ പ്രവണതയുമാണ്.കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലെ കുത്തകകളുടെ കുടിശിക പിരിച്ചെടുക്കാതെ സാധാരണക്കാരുടെ പോക്കറ്റിൽ നിന്നും നികുതി ഊറ്റിയെടുക്കാനാണ് സർക്കാർ മുന്നിട്ടിറങ്ങുന്നത്.
കേരളം ഒരു അടിയന്തരാവസ്ഥയുടെ കരിനിഴലിൽ കഴിയേണ്ട ദുർഗതിയിലാണ്. ആരും പ്രതിഷേധിക്കരുതെന്നാണ് കേരളത്തിന്റെ പുതിയ അവസ്ഥ.സർക്കാർ കൃത്യമായി കണക്കുകൾ നൽകാത്തതിനാൽ സംയോജിത ചരക്ക് സേവന നികുതിയിൽ പതിനായിരം കോടിയിലേറെ നഷ്ടമുണ്ടാക്കുന്നു.ജനകീയ പ്രതിഷേധം ഭയന്നാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിച്ച് ലക്ഷങ്ങൾ ധൂർത്തടിക്കുന്നത്.ഇഎംഎസിന്റെ പാരമ്പര്യമുള്ള മുഖ്യമന്ത്രിക്ക് നികുതികൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാൻ കഴിയാത്തതെന്തുകൊണ്ടാണ്.”
സർവ മേഖലയിലും വില കൂട്ടുമ്പോഴും ധൂർത്ത് നിയന്ത്രിക്കാൻ നടപടിയില്ലെന്നും കേന്ദ്രത്തെ കുറ്റം പറഞ്ഞിരുന്ന് സ്വന്തം ചുമതലകളിൽ വീഴ്ച വരുത്തുന്നതിനെ ജനദ്രോഹ നടപടിയെന്ന് പ്രതിപക്ഷം പറയുന്നതിനെ തള്ളിക്കളയാനാവില്ലെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.