അങ്ങ് പ്രധാനമന്ത്രിയായിരിക്കുന്ന അതേ രാജ്യത്തിലെ പ്രജകൾ തന്നെയാണ് ഞങ്ങളും,എ എം ആരിഫ് എം പി

കേരളം ഭീകരവാദത്തിന്റെ പിടിയിലാണെന്നും കേരള ജനത മുഴുവനും ഭീകരവാദികളാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നടന്നു പറയുകയും കേരളത്തിൽ വരുമ്പോൾ മാത്രം കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പ്രസംഗിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി അങ്ങയുടെ ഇരട്ടത്താപ്പ് നയം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും. എ എം ആരിഫ് എം പി യുടെ ഫേസ് ബുക്ക് പോസ്റ്റ് വയറലാകുന്നു.

“മനസ്സിലിരിപ്പ് പുറത്തു ചാടുമ്പോൾ.!!!
രാജ്യത്തിൻറെ പ്രധാനമന്ത്രി തന്നെ കർണാടകത്തിലും ഇതര സംസ്ഥാനങ്ങളിലും ചെന്ന് നാല് വോട്ടിനു വേണ്ടി കേരളാ സ്റ്റോറിയെ പിൻന്തുണച്ചു് കേരളം വർഗ്ഗീതയുടെ നാടാണെന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.പ്രധാനമന്ത്രി ഒരു കാര്യം മനസ്സിലാക്കണം.അങ്ങ് പ്രധാനമന്ത്രിയായിരിക്കുന്ന അതേ രാജ്യത്തിലെ പ്രജകൾ തന്നെയാണ് ഈ കേരളത്തിലും ഉള്ളത്.
കേരള ജനതയെ മുഴുവൻ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള അങ്ങയുടെ ഈ ശ്രമം,ഒരു ഭരണാധികാരി എത്രത്തോളം തരം താഴുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ്.

അങ്ങയുടെ തന്നെ മന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പാർലമെന്റിൽ സമർപ്പിച്ച രേഖകൾ പ്രകാരം പ്രണയം നടിച്ചു മത പരിവർത്തനം നടത്തി തീവ്രവാദത്തിനുപയോഗിക്കുന്ന ലവ് ജിഹാദ് കേരളത്തിൽ ഇല്ല എന്നാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.വസ്തുത ഇതായിരിക്കെ സ്വന്തം മന്ത്രിമാരെപ്പോലും വിശ്വാസം വരാത്ത ഒരു പ്രധാനമന്ത്രി എങ്ങനെ ഈ രാജ്യത്തെ മുന്നോട്ട് നയിക്കും.ഇതിന്റെ അനന്തര ഫലമാണ് മണിപ്പുരിൽ ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ശത്രു രാജ്യത്തെ ജനങ്ങളെ കാണുന്നത് പോലെയല്ല അങ്ങ് ഈ കേരളത്തെ കാണേണ്ടത്.കേരളത്തിലെ ജനങ്ങളും അങ്ങയുടെ പ്രജകൾ തന്നെയാണ് .
ഇവിടെ വരുമ്പോൾ കേരളം മാതൃകയാണെന്ന് പ്രസംഗിക്കുകയും വെളിയിൽ നടന്ന് മോശമാണെന്ന് പറയുകയും ചെയ്യുന്ന അങ്ങയുടെ ഇരട്ടത്താപ്പ് രണ്ടു മുഖം അപാരം തന്നെ.

കേരളത്തെ ചെറുതാക്കി അങ്ങ് വലുതാകാൻ നോക്കുമ്പോൾ കേരളത്തിന് പറയുവാനുള്ളത് ” ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാവണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ” എന്ന വള്ളത്തോൾ വരികൾ ഒരുമയുടെ ആപ്തവാക്യമായി ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ഓരോ മലയാളികളും.
അതുകൊണ്ട് ഉത്തരേന്ത്യയിലെപ്പോലെ വർഗ്ഗീയത വിളമ്പി കേരളത്തെ മറ്റൊരു മണിപ്പുർ ആക്കാൻ ശ്രമിച്ചാൽ കേരള ജനത അത് അനുവദിച്ചു തരില്ല.