റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാലി: റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ നടന്ന നയതന്ത്ര ചര്‍ച്ചയിലാണ് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ നഷ്ടം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മോദി സംസാരിച്ചത്.
‘കൊവിഡിന് ശേഷം പുതിയൊരു ലോകം പടുത്തുയര്‍ത്തേണ്ട ചുമതല നമുക്കാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണില്‍ ജി-20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നല്‍കുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നു.’- മോദി പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഉച്ചകോടിക്കിടെ മോദി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനും സാദ്ധ്യതയുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ജി-20 ഉച്ചകോടി ഇന്ത്യയിലാണ് നടക്കുക. ഡിസംബറില്‍ ഇന്ത്യ ജി-20 രാഷ്ട്രങ്ങളുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.