ഒരു കൈയബദ്ധം…’; പോളണ്ടില്‍ മിസൈല്‍ പതിച്ച്‌ രണ്ട് പേര്‍ മരിച്ച സംഭവം, പിന്നില്‍ ഉക്രൈനെന്ന് റിപ്പോര്‍ട്ടുകള്‍

വാഴ്‌സോ: പോളണ്ടില്‍ പതിച്ച മിസൈല്‍ യുക്രൈന്‍ സൈന്യത്തിന്‍റേതാണെന്ന് പ്രാഥമിക നിഗമനമെന്ന് റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ മിസൈലിലേക്ക് യുക്രൈന്‍ സൈന്യം തൊടുത്ത വിട്ടതാണ് പോളണ്ടില്‍ പതിച്ചതെന്ന് വിലയിരുത്തുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ അസോസിയേറ്റഡ് പ്രസ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈനെതിരായ ആക്രമണത്തിനിടെ മിസൈല്‍ അതിര്‍ത്തി രാജ്യമായ പോളണ്ടില്‍ പതിച്ച്‌ രണ്ട് പേര്‍ മരിച്ചിരുന്നു. യുക്രൈന്‍ അതിര്‍ത്തിക്കടുത്തുള്ള പോളിഷ് ഗ്രാമത്തിലാണ് മിസൈലുകള്‍ പതിച്ചത്. റഷ്യന്‍ മിസൈലുകളാണ് ആക്രമണത്തിന് കാരണമെന്നത് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇന്നലെത്തന്നെ നിഷേധിച്ചിരുന്നു. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ പ്രകോപനമാണിതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

റഷ്യയില്‍ നിന്ന് തൊടുത്തുവിട്ട മിസൈലല്ല സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചിരുന്നു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുന്നത് വരെ അതേ കുറിച്ച്‌ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമത്തെക്കുറിച്ച്‌ യുഎസും നാറ്റോ സഖ്യകക്ഷികളും അന്വേഷിക്കുന്നുണ്ട്.പോളണ്ടിലെ മിസൈല്‍ ആക്രമണത്തെതുടര്‍ന്ന് ബാലിയില്‍ നടന്ന ജി20 യോഗത്തിനിടെ ആഗോള നേതാക്കള്‍ അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു .