മാഹിന്‍കണ്ണുമായി വീട്ടുകാരെ ധിക്കരിച്ച്‌ താമസം തുടങ്ങി, വിവാഹിതനെന്നറിഞ്ഞപ്പോൾ രണ്ടാം ഭാര്യയാക്കാൻ കെഞ്ചി

തിരുവനന്തപുരം: ദിവ്യയേയും മകള്‍ ഗൗരിയേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാഹിന്‍കണ്ണിനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഭാര്യയും മക്കളുമുള്ള മാഹിന്‍കണ്ണ് ഇക്കാര്യം മറച്ചുവച്ച്‌, മനുവെന്ന വ്യാജ പേരിൽ ദിവ്യയെ പ്രണയം നടിച്ച്‌ വശീകരിക്കുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയുമായിരുന്നു.

ഓട്ടോയില്‍ മീന്‍ കച്ചവടക്കാരനായെത്തിയപ്പോഴാണ് മാഹിന്‍കണ്ണിനെ ദിവ്യ പരിചയപ്പെടുന്നത്. വീട്ടുകാര്‍ ബന്ധം എതിര്‍ത്തെങ്കിലും ദിവ്യ കാമുകനൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് ദിവ്യയുടെ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്‌ത് ഗള്‍ഫിലേക്ക് മുങ്ങി. ഈ സമയമാണ് ദിവ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് നാട്ടിലെത്തിയ പ്രതി ദിവ്യയ്‌ക്കൊപ്പം താമസം തുടങ്ങി. ഇതിനിടയിലാണ് മാഹിന്‍ കണ്ണിന് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് ദിവ്യയ്‌ക്ക് മനസിലായത്.

ഒരു ദിവസം മാഹിന്‍ ബാത്തിറൂമിലായിരുന്നപ്പോള്‍ ഇയാളുടെ ഫോണിലേക്ക് ആദ്യ ഭാര്യ റുക്കിയയുടെ ഫോണ്‍ വരികയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. എന്നിട്ടും ഇയാളെ പിരിയാന്‍ കൂട്ടാക്കാതിരുന്ന ദിവ്യ തന്നെ രണ്ടാം ഭാര്യയാക്കി കൂടെ താമസിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. എന്നാല്‍ റുക്കിയയും കുടുംബവും അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ സമ്മര്‍ദ്ദത്തിലായ മാഹിന്‍കണ്ണ് ദിവ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

കൊലപാതക പദ്ധതി ആസൂത്രണം ചെയ്‌ത ഇയാള്‍ 2011 ആഗസ്റ്റ് 11ന് ഇരുവരെയും കൂട്ടി ബൈക്കില്‍ പൂവാറിനപ്പുറം തമിഴ്നാട് അതിര്‍ത്തിയിലുള്ള കടപ്പുറത്തെത്തുകയും അവിടെ വിജനമായ സ്ഥലത്തുവച്ച്‌ ദിവ്യയെയും കുഞ്ഞിനെയും കടലിലേക്ക് തള്ളി വീഴ്‌ത്തുകയുമായിരുന്നു. തിരയില്‍പ്പെട്ട് ഇരുവരും മുങ്ങിത്താഴ്ന്നെന്ന് ഉറപ്പാക്കിയശേഷം അവിടെ നിന്ന് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ദിവ്യയുടെ മൃതദേഹം 2011 ആഗസ്റ്റ് 19നും ഗൗരിയുടേത് ജീര്‍ണിച്ച നിലയില്‍ ആഗസ്റ്റ് 24നും തമിഴ്നാട് തീരത്ത് അടിയുകയും അജ്ഞാത മൃതദേഹങ്ങളെന്ന നിലയില്‍ ഡി.എന്‍.എ സാമ്പിളുകളും ഫോട്ടോയും ശേഖരിച്ചശേഷം തമിഴ്നാട് പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അവിടെ മറവുചെയ്യുകയുമായിരുന്നു.

മൃതദേഹങ്ങളുടെ ഫോട്ടോയില്‍ നിന്ന് വീട്ടുകാര്‍ ദിവ്യയെ തിരിച്ചറിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചറിഞ്ഞില്ല. ദിവ്യയുടെ വീട്ടുകാരുടെയും മാഹിന്റെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച്‌ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളായിരുന്നുവെന്ന് ഉറപ്പാക്കാന്‍ അന്വേഷണസംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്.

മകളെയും കുഞ്ഞിനെയും കാണാതായി രണ്ട് ദിവസമായിട്ടും ഇവരെപ്പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ദിവ്യയുടെ അമ്മ രാധ 2011 ആഗസ്റ്റ് 20ന് മാറനല്ലൂര്‍ പൊലീസിലും തൊട്ടടുത്ത ദിവസം മാഹിന്റെ സ്ഥലമായ പൂവാര്‍ സ്റ്റേഷനിലും പരാതി നല്‍കി. പൂവാര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മാഹിന്‍ കണ്ണിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ദിവ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയ ഇയാള്‍ അടുത്തദിവസം അവരെ കൂട്ടിക്കൊണ്ടു വരാമെന്നേറ്റശേഷം മുങ്ങുകയായിരുന്നു. 2019ല്‍ മാറനല്ലൂര്‍ പൊലീസ് വീണ്ടും മാഹിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി.

ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ മാഹിന്‍ മനുഷ്യാവകാശ കമ്മിഷനിലും കോടതിയിലും പോയി തന്നെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതി നൽകുകയും അനാവശ്യമായി സ്റ്റേഷനില്‍ വിളിപ്പിക്കുന്നത് തടയുകയും ചെയ്തു. ഇതോടെ അന്വേഷണം വഴിമുട്ടിയ കേസ് അണ്‍നോണ്‍ കേസുകളുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോഴാണ് 2021ല്‍ ഐഎസ് റിക്രൂട്ട്മെന്റിന്റെ വിവരത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനെത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ദിവ്യയുടെ ബന്ധുക്കളെയും മാഹിന്‍കണ്ണിനെയും കുടുംബാംഗങ്ങളെയും നേരില്‍ക്കണ്ട് നടത്തിയ അന്വേഷണവും ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവ് ശേഖരണവുമാണ് ഇരട്ടക്കൊലപാതകക്കേസിന് തുമ്പായത്.

ദിവ്യയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ സ്ഥാനത്ത് മാഹിന്‍ കണ്ണിന്റെ പേര് രേഖപ്പെടുത്തിയതും ഏറ്റവും അവസാനം ദിവ്യയെയും ഗൗരിയെയും മാഹിന്‍കണ്ണാണ് കൂട്ടിക്കൊണ്ടുപോയതെന്ന മൊഴികളും ഇയാളിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിക്കാനിടയാക്കി. കഴിഞ്ഞ രണ്ട് ദിവസമായുള്ള നിരന്തര ചോദ്യം ചെയ്യലിനൊടുവില്‍ നിവൃത്തിയില്ലാതെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഇയാളെക്കൂടാതെ ഭാര്യയ്‌ക്കോ കുടുംബാംഗങ്ങള്‍ക്കോ കൊലപാതകത്തിലോ കൊലപാതക പ്രേരണയിലോ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.

കൊലപാതകം റുക്കിയയ്ക്ക് അറിയാമായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. അങ്ങനെയെങ്കില്‍ കൊലപാതകവിവരം മറച്ചുവച്ചതിന് കേസില്‍ പ്രതിയാകും. റൂറല്‍ എസ്.പി ഡി.ശില്പയെ കൂടാതെ അഡിഷണല്‍ എസ്.പി സുള്‍ഫിക്കര്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണ്‍, നെയ്യാറ്റിന്‍കര എ.എസ്.പി ഫറാസ് എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്. മാഹിന്‍ കണ്ണിനെ ചോദ്യംചെയ്യലും തെളിവുശേഖരണവും പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും.