മാരക മയക്കുമരുന്നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ പിടിയിലായി

ന്യൂഡല്‍ഹി: മാരക മയക്കുമരുന്നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ പിടിയിലായി. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് അന്താരാഷ്ട്ര വിപണിയില്‍ 1,200 കോടിരൂപ വിലമതിയ്ക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. 312 കിലോഗ്രാം മെത്താംഫെറ്റാമൈന്‍, 10 കിലോ ഹെറോയിന്‍ എന്നിവയാണ് പ്രതികളില്‍ നിന്നും പിടികൂടിയത്.

പിടിയിലായ പ്രതികള്‍ 2016 മുതല്‍ ഇന്ത്യയില്‍ താമസിച്ചുവരുന്നവരാണ്. ലക്നൗവിലെ ഒരു ഗോഡൗണില്‍ 606 ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
രാജ്യത്തെ ഏറ്റവും വലിയ രാസലഹരിമരുന്ന് വേട്ടകളില്‍ ഒന്നാണിതെന്നും ഡല്‍ഹി സ്പെഷല്‍ സെല്‍ കമ്മീഷണര്‍ ധാലിവാള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ മുഖ്യകണ്ണിയെ പിടികൂടിയിരുന്നു. 4 കിലോഗ്രാം ഹെറോയിനുമായി ഒരു അഫ്ഗാന്‍ പൗരനെയാണ് അന്ന് പിടികൂടിയത്.