തെരുവ്നായ ശല്യം നാഷണൽ ഫോറം ഫേർ പീപ്പിൾസ് റൈറ്റ്സ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി

തിരുവനന്തപുരം: തെരുവ് നായ ശല്യം മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും അതിൽ പരാജയപ്പെടുന്നത് നിമിത്തം ജനങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിഹാരം നൽകുക സർക്കാരിൻറെ ബാധ്യതയാണെന്നും അതിനാൽ തെരുവുനായ ശല്യം നിമിത്തം പ്രയാസം അനുഭവിക്കുന്നവർക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്നും മരണപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതോടൊപ്പം കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഫോറം നാഷണൽ ചെയർമാൻ ഡോ. പ്രകാശ് പി തോമസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ബി. കൃഷ്ണകുമാർ മുഖ്യ സന്ദേശം നൽകി. സംസ്ഥാന ട്രഷറർ എം. നജീബ് സംസ്ഥാന ഭാരവാഹികളായ വി.പരമേശ്വരൻ നായർ, രെജു ഐതിയൂർ, മല്ലിക നമ്പൂതിരി ശ്രീകുമാരി, ശ്യാമള കോയിക്കൽ, മഞ്ജു അരമനയ്ക്കൽ, ജില്ലാ ഭാരവാഹികളായ കരിയം ബി ചന്ദ്രൻ, ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.