ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയാവും പൊളിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുക. കഴിഞ്ഞ 12 നാണ് ജില്ലാഭരണകൂടം റിസോര്‍ട്ട് ഏറ്റെടുത്തത്.

ആലപ്പുഴ നെടിയംത്തുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്തായി കുവൈറ്റ് ആസ്ഥാനമായ കാപ്പിക്കോ ഗ്രൂപ്പ്, മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം മാത്യുവുമായി ചേര്‍ന്നായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം. കാപ്പിക്കോ കേരള റിസോര്‍ട്ട് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് റിസോര്‍ട്ട് നിര്‍മ്മാണം നടത്തിയത്. എന്നാല്‍ പിന്നീട് തീരദേശപരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയമായിരുന്നു.

റിസോര്‍ട്ട് പൊളിക്കാന്‍ കോടതി വിധി വന്നിട്ട് ഒരു വര്‍ഷമായിട്ടും പൊളിക്കല്‍ നടപടികള്‍ നീണ്ടുപോകുകയായിരുന്നു. പാണാവള്ളി പഞ്ചായത്തിന് പൊളിക്കാന്‍ ഫണ്ടില്ലാത്തതും കോവിഡും കാരണം നടപടി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പൊളിക്കല്‍ നടപടിയെ കുറിച്ച് പദ്ധതി തയ്യാറാക്കാന്‍ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം, മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.