പാറശ്ശാല മണ്ഡലത്തിലെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി

പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം സി കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കായാണ് പാറശ്ശാല മണ്ഡലത്തിൽ കെഎസ്ഇബി 6 പോൾ മൗണ്ടഡ് വൈദ്യുതി ചാർജിങ് പോയിന്റുകൾ ആരംഭിച്ചത്.

യൂണിറ്റിന് 10 രൂപയ്ക്ക് ഇവിടെ വാഹനങ്ങൾ ചാർജ് ചെയ്യാം. ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിലെ നിരക്കിനേക്കാൾ കുറവാണിതെന്ന് സി കെ ഹരീന്ദ്രൻ എം എൽ എ പറഞ്ഞു. ചാർജ് ചെയ്യാനുള്ള തുക മൊബൈൽ ആപ് വഴി അടക്കാം, പ്ലേസ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്ത് ചാർജിങ് സ്റ്റേഷനിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം. ഒരേ സമയം ഒരു ഇരുചക്ര വാഹനത്തിനും ഒരു മുച്ചക്ര വാഹനത്തിനും ചാർജ് ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാറശ്ശാല മണ്ഡലത്തിലെ ധനുവച്ചപുരം (പെട്രോൾ പമ്പിന് സമീപം), പാറശ്ശാല (കുറുംകുട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡ്), കുന്നത്തുകാൽ ജംഗ്ഷൻ, വെള്ളറട (കെപിഎം ഹാളിന് സമീപം), മണ്ഡപത്തിൻകടവ്, പെരുങ്കടവിള ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.

വൈദ്യുത വാഹന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനാണ് സംസ്ഥാന സര്‍ക്കാറും കെ.എസ്.ഇ.ബി ലിമിറ്റഡും സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ ഇ-മൊബിലിറ്റി നയത്തിന്‍റെ ഭാഗമായുള്ളതാണിവ.