ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചു

തിരുവനന്തപുരം:ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിച്ചു. 19ന് വൈകീട്ട് 6.30ന് ഹോട്ടൽ താജ് വിവാന്തയിൽ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ കെ വര്‍ഗ്ഗീസ് അധ്യക്ഷനായി. ടി20 മത്സരത്തിന്റെ ടീസര്‍ വിഡിയോയുടെ പ്രകാശനം മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിച്ചു.

 

 

1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.

ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റ് എടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി. ആവശ്യക്കാര്‍ക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് എടുക്കാവുന്നതാണ്.