രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഷിംല: രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് പറഞ്ഞയച്ചത് മുതല്‍ അദ്ദേഹം രാജ്യം മുഴുവന്‍ ഓടുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ഭാരത് ജോഡോ യാത്രയെ പരിഹസിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്റെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ ഇറാനിയോട് തോറ്റിരുന്നു.

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി രേണുകാജി നിയമസഭാ മണ്ഡലത്തിലെ പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുലിനും ഭാരത് ജോഡോ യാത്രയ്ക്കുമെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശനമുന്നയിച്ചത്.

‘അദ്ദേഹം എവിടെ പോയാലും, ആരെയൊക്കെ കൂടെക്കൂട്ടി പോയാലും സ്ഥിതി എന്താണ്? തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുകൊണ്ടേയിരിക്കും.കേരളത്തില്‍ ആരുടെ കൂടെയാണ് കോണ്‍ഗ്രസുകാര്‍ യാത്ര നടത്തിയത്? പശുവിനെ കശാപ്പ് ചെയ്യുകയും ആ ഫോട്ടോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തവരോടൊപ്പമായിരുന്നു കേരളത്തിലെ യാത്ര. അത്തരക്കാരുടെ തോളില്‍ തട്ടിയാണ് കോണ്‍ഗ്രസിന്റെ ‘യുവരാജ്’ കേരളത്തില്‍ ഭാരത് ജോഡോ യാത്ര നടത്തിയത്. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ പ്രമേയം അവതരിപ്പിച്ചവര്‍ക്കൊപ്പമായിരുന്നു ആ യാത്ര. ഇന്ത്യ വെട്ടിനുറുക്കപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്ന കൂട്ടരെ പിന്തുണയ്ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. ഇതുകണ്ട് നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലേ? ഗോഹത്യക്കാരുടെ തോളില്‍ തട്ടി അദ്ദേഹം നടക്കുമ്ബോള്‍ നിങ്ങളുടെ ചോര തിളക്കുന്നില്ലേ ?’ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സ്മൃതി ഇറാനി ചോദിച്ചു