തിരുവനന്തപുരം: കോർപ്പറേഷനിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് പൂർത്തിയാക്കി. പ്രാഥമിക അന്വേഷണം പൂർത്തിയായപ്പോൾ കത്ത് വ്യാജമെന്ന നിഗമനത്തിൽ ആണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കേസെടുത്ത് വിശദമായ അന്വേഷണത്തിനും ക്രൈംബ്രാഞ്ച് ശിപാർശ ചെയ്യും. ക്രൈംബ്രാഞ്ച് എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും.
കഴിഞ്ഞ ദിവസം കത്തുവിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് മേയറുടേയും സി.പി.എം ജില്ലാ സെക്രട്ടറിയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. കത്തിനെക്കുറിച്ച് അറിയില്ലെന്നും കോർപറേഷനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്നുമാണ് ആനാവൂർ വിജിലൻസിന് മൊഴി നൽകിയത്. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് സഹകരിക്കാൻ ആനാവൂർ തയ്യാറായിട്ടില്ല.
ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്ന് ആനാവൂർ കഴിഞ്ഞ ദിവസെ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും തങ്ങൾക്ക് മുന്നിൽ സി.പി.എം ജില്ല സെക്രട്ടറി മൊഴി നൽകാൻ എത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, തന്റെ പേരിൽ പ്രചരിക്കുന്ന കത്ത് താനോ ഓഫീസോ തയ്യാറാക്കിയിട്ടില്ലെന്നും കത്ത് തയ്യാറാക്കിയെന്ന് പറയുന്ന ദിവസം താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും ആണ് ആര്യ രാജേന്ദ്രൻ മൊഴി നൽകിയത്. തന്റെ ലെറ്റർ പാഡ് ദുരുപയോഗം ചെയ്തതാകാമെന്നും ഇക്കാര്യത്തിൽ തന്റെ ഓഫീസ് ജീവനക്കാരെ സംശയമില്ലെന്നും ആര്യ രാജേന്ദ്രൻ മൊഴിയിൽ പറയുന്നു.