മിൽമ: സംസ്ഥാനത്ത് നെയ്യ് വില വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കുന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നെയ്യ് വില വർദ്ധിപ്പിച്ച് മിൽമ. റിപ്പോർട്ടുകൾ പ്രകാരം, ഒരു ലിറ്ററിന് 40 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, ഒരു ലിറ്റർ നെയ്യ് വില 640 രൂപയിൽ നിന്നും 680 രൂപയായി വർദ്ധിച്ചിട്ടുണ്ട്. ഇത്തവണ ഏറ്റവും ചെറിയ ബോട്ടിലിൽ പോലും വില വർദ്ധനവ് പ്രതിഫലിച്ചിട്ടുണ്ട്.

നവംബർ 21 മുതലാണ് പാൽ വിലയിലെ വർദ്ധനവ് പ്രാബല്യത്തിലാകുകയെന്ന് മിൽമ വൃത്തങ്ങൾ ഇതിനോടകം അറിയിച്ചിട്ടുണ്ട്. മിൽമയുടെ നീലക്കവർ പാലിന് 6 രൂപയാണ് വർദ്ധിപ്പിക്കുന്നത്. ഇതോടെ, 46 രൂപയുള്ള നീലക്കവർ പാലിന്റെ വില 52 രൂപയായി ഉയരും. മറ്റ് കവർ പാലകൾക്കും വില ഉയരാൻ സാധ്യതയുണ്ട്.
2019 സെപ്തംബർ 19 നാണ് പാൽ വില അവസാനമായി മിൽമ ഉയർത്തിയത്. ഇത്തവണ ഉൽപ്പാദന ചിലവ് വൻ തോതിൽ ഉയർന്നിട്ടുണ്ട്. അതിനാൽ, പാൽ വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നാണ് ക്ഷീരകർഷകരുടെ നിലപാട്.