ഹൈക്കോടതി വിധിയോട് പ്രതികരിച്ച് പ്രിയ വര്‍ഗീസ്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ച് പ്രിയ വര്‍ഗീസ്. കോടതി വിധി മാനിക്കുന്നു, തുടര്‍നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്ന് ഉച്ചതിരിഞ്ഞാണ് ഉത്തരവിട്ടത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വര്‍ഗീസ്.

പ്രിയ വര്‍ഗീസിന്റെ നിയമനം പുന:പരിശോധിക്കണം. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം. പ്രിയ വര്‍ഗീസിന് നിയമനത്തിന് യോഗ്യതയുണ്ടോ എന്ന് സെലക്ഷന്‍ കമ്മിറ്റിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. FDP പ്രോഗ്രാം വഴി phd ചെയ്തത് അധ്യാപന പരിചയമായി കണക്കാക്കാന്‍ ആകില്ല.അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് അതൊരു യോഗ്യതയായി കണക്കാക്കാന്‍ കഴിയില്ല. DSS ചുമതലയും അധ്യാപന പരിചയമായി കണക്കാക്കാന്‍ ആകില്ല. പ്രിയ വര്‍ഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഇല്ല. സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും അധ്യാപന പരിചയം അല്ല. NSS കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നപ്പോള്‍ പ്രിയ വര്‍ഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക സേവനത്തില്‍ പരിചയമുണ്ടാക്കലാണ് എന്‍എസ്എസിന്റെ ചുമതല. NSS കോഡിനേറ്ററുടെ കാലയളവില്‍ ടീച്ചിംഗ് എക്‌സ്പീരിയന്‍സ് ഉണ്ടെന്ന് കാണിക്കാന്‍ പ്രിയ വര്‍ഗീസിന് രേഖകള്‍ ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഓര്‍ഡിനന്‍സ് അനുസരിച്ച്, സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറും, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും അനധ്യാപക ജോലി ആണ്. സര്‍ക്കാരിന് കീഴിലുള്ള ഒരു അക്കാദമിക് പബ്ലിഷിംഗ് ഹൗസാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതും അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ല. പ്രിയ വര്‍ഗീസ് സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടിയ മൂന്നിടങ്ങളിലെ ചുമതല അധ്യാപന പരിചയമല്ലെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.