ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ജയത്തോടെ തുടങ്ങി. ആഫ്രിക്കൻ ശക്തരായ ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകള്‍ നേടിയത്. ക്രിസ്റ്റിയാനോ ഗോള്‍ നേട്ടത്തോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ. രണ്ടാം പകുതിയുടെ 65-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗല്ലിന്റെ ആദ്യ ഗോള്‍. ബോക്‌സില്‍ റൊണാള്‍ഡോയെ പ്രതിരോധതാരം സലിസു വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്.
ഘാന അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് അവര്‍ക്ക് വിനയായത്. എന്നാല്‍, എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. കുഡുസിന്റെ നിലംപറ്റെയുള്ള ക്രോസില്‍ കാലുവച്ചാണ് അയൂ പോര്‍ച്ചുഗല്‍ വലകുലുക്കി. 78-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ഫെലിക്‌സ് പന്ത് വലയിലെത്തിച്ചു.
80-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടും ലീഡ് ഉയർത്തി. ബ്രൂണോ നൽകിയ ക്രോസിൽ പകരക്കാരനായി ഇറങ്ങിയ ലിയാവോയുടെ ക്ലിനിക്കല്‍ ഫിനിഷ്. തിരിച്ചടിക്ക് കിണഞ്ഞ് ശ്രമിച്ച ഘാനയ്ക്ക് ഒരു ഗോള്‍കൂടി മടക്കാനായി. ബുകാരിയുടെ(89) ഹെഡ്ഡറാണ് ഗോളില്‍ അവസാനിച്ചത്.