തിരുവനന്തപുരം കോർപറേഷൻ; കാണാതായത് മൂന്നല്ല, 17ഫയൽ

തിരുവനന്തപുരം ∙ കത്തുവിവാദത്തെത്തുടർന്നു പ്രതിസന്ധിയിലായ തിരുവനന്തപുരം കോർപറേഷനിൽ 2 വർഷത്തിനിടെ മൊത്തം 17 ഫയലു‍കൾ അപ്രത്യക്ഷമായെന്ന് അധികൃതരുടെ കണക്കെടുപ്പിൽ കണ്ടെത്തി. 2021 ജനുവരി മുതൽ കഴിഞ്ഞ മാസം 30 വരെയുള്ള ഫയലുകളുടെ കണക്കെടുപ്പാണു നടത്തിയത്. 9 ഫയലുകൾ കോർപറേഷന്റെ മുഖ്യ ഓഫിസിൽനിന്നും അഞ്ചെണ്ണം ശ്രീകാര്യം സോണൽ ഓഫിസിൽനിന്നുമാണു കാണാതാ‍യത്.
3 സുപ്രധാന ഫയലുകൾ കാണാതായതു സംബന്ധിച്ചു മ്യൂസിയം പൊലീസ് അന്വേഷിക്കുകയാണെന്നു കഴിഞ്ഞ 14നു ‘മനോരമ’ റിപ്പോ‍ർട്ട് ചെയ്തിരുന്നു. തുടർന്നാണു 2021 ജനുവരി മുതലുള്ള ഫയലുകളുടെ കണക്കെടുക്കാൻ കോർപറേഷൻ അധികൃതർ ബന്ധപ്പെട്ട സെക‍്ഷൻ ഓഫിസു‍കളോടു നിർദേശിച്ചത്. 2020 ഡിസംബർ 28നാണ് ആര്യ രാജേന്ദ്രൻ മേയറായി ചുമതലയേറ്റത്.കോർപറേഷന്റെ മുഖ്യ ഓഫിസിൽ മാത്രം 7 വിഭാഗങ്ങളുണ്ട്. കൂടാതെ 25 സർക്കിൾ ഓഫിസുകളും 11 സോണ‍ൽ ഓഫിസുകളുമുണ്ട്. ഇവിടങ്ങളി‍ലായിരുന്നു കണക്കെടുപ്പ്.

ഉടമസ്ഥാവകാശം മാറ്റുന്നതും കെട്ടിടനമ്പർ നൽകുന്ന‍തുമായി ബന്ധപ്പെട്ട ഫയലുകളാണു മുഖ്യ ഓഫിസിൽനിന്നു കാണാതായത്. കെട്ടിടനിർമാണ ഫയലുകളാണു ശ്രീകാര്യം സോണൽ ഓഫിസിൽനിന്ന് അപ്രത്യക്ഷമായത്. മരംമുറിയുമായി ബന്ധപ്പെട്ട 2 ഫയലുകൾ മുഖ്യ ഓഫിസിൽനിന്നു കാണാതായി. ക്ഷേമ പെൻഷൻ, പൊതുജനസേവനം, വീടുനിർമാണ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ടതാണു മറ്റു ഫയലുകൾ.

മുക്കി‍യതോ ന‍ശിപ്പിച്ചതോ ?

കാണാതായതിൽ വിജിലൻസ് അന്വേഷണപരിധിയിലുള്ള ഫയലുകളുണ്ടോയെന്നു പരിശോധിക്കുന്നു. മുക്കിയതാ‍ണോ നശിപ്പിച്ചതാണോ എന്നതും വ്യക്തമല്ല. സോണൽ /സർക്കിൾ ഓഫിസുകളിലേക്കുള്ള ഫയൽ കൈമാറ്റത്തി‍നിടെ ഇവ മാറിക്കൊടുത്തിട്ടുണ്ടോയെന്നും പരിശോധിക്കും. ഇല്ലെങ്കിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടാനാണു തീരുമാനം. ഫയലുകൾ കാണാതാകുന്നതു സംബന്ധിച്ച വ്യാപക പരാതിയെത്തുടർന്ന്, 3000 ചതുരശ്ര അടി വരെയുള്ള കെട്ടിട നിർമാണത്തിന്റെ എല്ലാ ഫയലുകളും കെട്ടിട പെർമിറ്റുമായി ബന്ധപ്പെട്ട ഫയലുകളും കഴിഞ്ഞമാസം 14 മുതൽ ഓൺലൈനാക്കിയിരുന്നു. വർഷം 7.5 ലക്ഷം ഫയലുകളാണു തിരുവനന്തപുരം കോർപറേഷനിൽ കൈകാര്യം ചെയ്യുന്നത്.