തെക്കൻ കേരളത്തിൽ ഏറെ പ്രചാരമുള്ള ഭദ്രകാളിപ്പാട്ട് അഥവാ തോറ്റംപാട്ട് എന്ന വാമൊഴി കലാരൂപത്തെ പുസ്തക രൂപത്തിലാക്കി ഒരു സംഘം തോറ്റംപാട്ട് കലാകാരൻമാർ. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച തെക്കൻ ‘തോറ്റംപാട്ട് പാഠവും സംശോധിത പഠനവും ‘ എന്ന പേരിൽ പുറത്തിറക്കിയ ഗ്രന്ഥത്തിന്റെ രചയിതാവ് തോറ്റംപാട്ട് കലാകാരനും അധ്യാപകനുമായ
ഡോ. ദീപു പി. കുറുപ്പാണ്. ആറ്റിങ്ങൽ തോട്ടയ്ക്കാട് ചാങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശനത്തിൽ
ഒ. എസ്. അംബിക എം. എൽ. എ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പാട്ട് പുസ്തകരൂപത്തിലാക്കുന്നതിന് സഹകരിച്ച മുതിർന്ന തോറ്റംപാട്ട് കലാകാരന്മാരായ ധർമ്മശീലക്കുറുപ്പ് ആശാൻ, വാസുദേവ ക്കുറുപ്പ് ആശാൻ, രാമചന്ദ്രൻ നായർ ആശാൻ എന്നിവരെ ആദരിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ബി. പി. മുരളി, കവി മണമ്പൂർ രാജൻ ബാബു, അഡ്വ. ജി. മധുസൂദനൻ പിള്ള, ഡോ. കെ. പീതാംബരൻ പിള്ള, ഡോ. എസ്. ഭാസിരാജ്, ഡോ. എം . വിജയൻ പിള്ള, ഡോ. എസ് ബീന, എ. നഹാസ്, എ. എം. എ റഹിം, പി. ജെ നഹാസ്, ദീപ പങ്കജാക്ഷൻ, മുകേഷ് എം. കുറുപ്പ് എന്നിവർ പങ്കെടുത്തു.
മൺമറഞ്ഞു കൊണ്ടിരിക്കുന്ന തോറ്റംപാട്ടുകളുടെ സംശോധനവും രേഖ പ്പെടുത്തലും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നത് ഏറെ പ്രധാനമാണ്.
തെക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ പാടിവരുന്ന ദൈർഘ്യമേറിയ ഒരു അനുഷ്ഠാന കഥാഗാനമാണ് തോറ്റംപാട്ട് അഥവാ ഭദ്രകാളിപ്പാട്ട് . ആറ്റുകാൽ ക്ഷേത്രത്തിൽ ഉൾപ്പെടെ ഈ കഥാഗാനം ആലപിച്ചു വരുന്നു. നാൽപ്പത്തൊന്നു ദിവസം വരെ പാടാനുള്ള കഥകൾ ഈ ഗാനത്തിൽ ഉള്ളടക്കിയിരിക്കുന്നു. രണ്ട് ഭാഗങ്ങളുള്ള ഈ പാട്ടിന്റെ ഒന്നാം ഭാഗത്തിൽ ഭദ്രകാളി ദാരിക സംഘട്ടനവും രണ്ടാം ഭാഗത്തിൽ കണ്ണകിയുടെ പ്രതികാരത്തിന്റെ കഥയും പാടി വരുന്നു. ചിലപ്പതികാരമെന്ന തമിഴ് പഞ്ചമഹാകാവ്യത്തിലെ കഥയും ഭദ്രകാളിപ്പാട്ടിൽ വിവരിക്കുന്ന കണ്ണകീ കഥയും സാമ്യം കാണുന്നുണ്ടെങ്കിലും കഥാ ഘടനയിലും ആഖ്യനരീതിയിലും ഭദ്രകാളിപ്പാട്ട് സ്വാതന്ത്ര്യം പുലർത്തുന്നു. ചിലപ്പതികാരത്തിന്റെ അനുകരണമാണ് ഈ പാട്ടെന്ന് പൊതുവേ പറയാറുണ്ടെങ്കിലും ആ വാദഗതി തെറ്റാണ്. വാമൊഴി രൂപങ്ങളിൽ നിന്ന് വരമൊഴിയുണ്ടാകാറുണ്ടെങ്കിലും തിരിച്ച് സംഭവിക്കാറില്ല എന്നതു തന്നെ പ്രധാന കാരണം . AD 170-ൽ സംഭവിച്ച കണ്ണകിയുടെ ദുരന്തകഥയെ സ്വതന്ത്രാഖ്യാനം നടത്തുകയാണ് ഭദ്രകാളിപ്പാട്ടിൽ ചെയ്യുന്നത്. ഈയൊരു വിഷയത്തിൽ നല്ലമ്മപ്പാട്ട്, മണിമങ്കത്തോറ്റം തുടങ്ങിയ കഥാഗാനങ്ങളോട് സമാനത പുലർത്തുന്ന പാട്ടാണ് ഭദ്രകാളിപ്പാട്ട് . ഈ പാട്ട് എഴുതി പഠിക്കുന്നത് കൊടിയ പാപമായി പാട്ടാശാൻമാർ കരുതുന്നു. അതുകൊണ്ടുതന്നെ നിരവധി പാഠങ്ങൾ നഷ്ടമാകുന്ന അവസ്ഥയുണ്ടായി. തെക്കൻ തോറ്റംപാട്ട് പാഠവും സംശോധിത പഠനവും എന്ന ഗ്രന്ഥത്തിൽ ആറു ദേശങ്ങളിൽ പ്രചരിക്കുന്ന പാട്ടുകളെ താരതമ്യപ്പെടുത്തി ആദ്യകാലത്ത് ഇവയുടെ രൂപമെന്തായിരുന്നു എന്ന് അന്വേഷിച്ചിരിക്കുന്നു. തോട്ടയ്ക്കാട് ദേശത്ത് പ്രചരിക്കുന്ന നാൽപ്പത്തൊന്നു ദിവസത്തെ പാട്ട് പൂർണ്ണമായും ശേഖരിച്ചിരിക്കുകയും ചെയ്യുന്നു.