കാറിൽ ചാരി നിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച ശിഹ്ഷാദിനെതിരെ പ്രതിഷേധം ശക്തം, വധശ്രമത്തിന് കേസ്

കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന ആറുവയസുകാരനെ ക്രൂരമായി ചവിട്ടി, മര്‍ദിച്ച സംഭവത്തിലെ പ്രതി പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസമാണ് കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ആക്രമണത്തില്‍ നടുവിന് സാരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരളത്തിലേക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനെയാണ് ശിഹ്ഷാദ് ചവിട്ടിയത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അതേസമയം, ശിഹ്ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, ശിഹ്ഷാദിനെതിരെ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ”മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടല്‍ ഉണ്ടാക്കി. കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്.”-ശിവന്‍കുട്ടി പറഞ്ഞു.