റേഷന്‍കടകള്‍ വഴി ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസ് സിലിണ്ടറുകള്‍

കൊല്ലം: റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറുകള്‍. ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക.കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം.
ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഒപ്പുവച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി സജിത്ത് ബാബുവും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ ആര്‍ രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്.
പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ സ്‌റ്റോര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.