സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടർന്നേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്തിനു സമീപം തെക്കു കിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കോമാറിന് പ്രദേശത്തു മുതൽ തെക്കൻ ആൻഡമാൻ കടൽ വരെയും ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് മഴ കനക്കുക. നവംബർ 5 മുതൽ നവംബർ 6 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി / മിന്നൽ /ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം നവംബർ 9 തിയതിയോടെ ഒരു ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ് നാട്- പുതുചേരി തീരത്തേക്ക് നീങ്ങിയേക്കും. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.