‘സ്മൃതിക്കും മകള്‍ക്കും റെസ്റ്റോറന്റില്ല ; കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തി’

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മകൾ സോയിഷും ഗോവയിലെ റെസ്റ്റോറന്‍റിന്‍റെ ഉടമകളല്ലെന്ന് ഡൽഹി ഹൈക്കോടതി. അവർക്ക് അനുകൂലമായി ലൈസൻസ് നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രിയുടെ മകൾ ഗോവയിൽ അനധികൃത ബാർ നടത്തിയെന്നാരോപിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി.

സ്മൃതി ഇറാനിയും മകളും റെസ്റ്റോറന്‍റിന്‍റെ ഉടമകളല്ലെന്നും സ്മൃതി ഇറാനിയോ മകളോ ലൈസൻസിനായി അപേക്ഷിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. റെസ്റ്റോറന്‍റും ഭൂമിയും ഇറാനിയുടെയോ മകളുടെയോ ഉടമസ്ഥതയിലുള്ളതല്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

ഇറാനിക്കും മകൾക്കുമെതിരെ വ്യാജവും നിന്ദ്യവും യുദ്ധസമാനവുമായ വ്യക്തിപരമായ ആക്രമണങ്ങൾ അഴിച്ചുവിടാൻ മൂന്ന് പ്രതികളും പരസ്പരം ഗൂഡാലോചന നടത്തിയെന്നും കോടതി ഉത്തരവിൽ പറയുന്നു. യഥാർഥ വസ്തുതകൾ പരിശോധിക്കാതെയാണ് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചത്.