നെഹ്‌റുവിനേയും വാജ്‌പെയിയേയും വിമർശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനും അടൽ ബിഹാരി വാജ്പേയിക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. ടിബറ്റിനെയും തായ്‌വാനേയും ചൈനയുടെ ഭാഗമായി അംഗീകരിച്ച മുൻ പ്രധാനമന്ത്രിമാരുടെ നടപടികൾ മണ്ടത്തരമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ഇന്ത്യയുമായുള്ള യഥാർത്ഥ രേഖ (എൽഎസി) ചൈന ബഹുമാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, ലഡാക്കിന്‍റെ ചില ഭാഗങ്ങൾ ചൈനീസ് സൈന്യം പിടിച്ചെടുക്കുകയും ചെയ്യുന്നു. “ചൈന ഇതുപോലെ ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കുമ്പോൾ പ്രധാനമന്ത്രി മോദി മയക്കത്തിലാണ്,” അദ്ദേഹം പറഞ്ഞു. “നെഹ്റുവിന്‍റെയും വാജ്പേയിയുടെയും വിഡ്ഢിത്തം മൂലമാണ് ടിബറ്റും തായ്‌വാനും ഇന്ന് ചൈനയുടെ ഭാഗമാണെന്ന് നമ്മൾ വിശ്വസിക്കുന്നത്. എന്തെങ്കിലും തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പുകൾ നമുക്കുണ്ടെന്ന് അവർ അറിഞ്ഞിരിക്കണം. ചൈനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിനിടെയാണ് സ്വാമിയുടെ പരാമർശം.