കൊലക്കേസില്‍നിന്ന് രക്ഷപെടാൻ 30 വർഷം സിനിമാനടനായി അഭിനയിച്ച് പാഷ

ഒരു ഭോജ്പുരി സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം. ദേവ് ആനന്ദ് സ്റ്റൈലിൽ ഡാൻസ് സീക്വൻസിൽ അഭിനയിക്കുന്നതിനിടയിൽ, ഷൂട്ടിംഗ് നടക്കുന്ന വീടിന്‍റെ വാതിലിൽ ആരോ മുട്ടി. അർദ്ധരാത്രിയായിരുന്നു. ആരോ വാതിൽ തുറന്നപ്പോൾ പോലീസ്! 

എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ, സിനിമയിൽ ഡാൻസ് സീക്വൻസിൽ അഭിനയിക്കുന്ന ആ നടനെ അറസ്റ്റ് ചെയ്യാനാണ് വന്നതെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്‍റെ അറസ്റ്റോടെ, സിനിമയെ കടത്തിവെട്ടിയ ഒരു ജീവിതകഥയാണ് വ്യക്തമായത്. ഒരു കൊലക്കേസില്‍ പ്രതിയായ അയാള്‍ 30 വര്‍ഷത്തെ ഒളിവു ജീവിതത്തിനിടെ പൊലീസിനെ വെട്ടിച്ച് സിനിമാ നടനായി ജീവിക്കുകയായിരുന്നു.

ഗാസിയാബാദിലെ ഹർബൻസ് നഗറിലാണ് സംഭവം. ബജ്റംഗ് ബാലി എന്നറിയപ്പെടുന്ന ഓംപ്രകാശ് എന്ന പാഷയാണ് അറസ്റ്റിലായത്. 30 വർഷം മുമ്പ് ബൈക്ക് മോഷണത്തിനിടെ ഒരാളെ ഇയാൾ കൊലപ്പെടുത്തിയിരുന്നു. ഹരിയാന സ്വദേശിയായ ഈ മുന്‍സൈനികന്‍ പൊലീസ് തിരയുന്നതിനിടെ നാടുവിട്ട് ആദ്യം തമിഴ്‌നാട്ടിലും പിന്നീട് ഉത്തര്‍പ്രദേശിലും കള്ളപ്പേരില്‍ ജീവിക്കുകയായിരുന്നു. ആദ്യകാലങ്ങളിൽ ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് സിനിമാ വ്യവസായത്തിൽ സ്വന്തം വിലാസം കണ്ടെത്തി. 28 ഭോജ്പുരി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇയാൾ അതിലൊന്നിന്‍റെ ചിത്രീകരണത്തിനിടെയാണ് അറസ്റ്റിലായത്.