ടവേരയും ബസും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

ബേതൂര്‍: ടവേരയും ബസും കൂട്ടിയിടിച്ച് 2 കുട്ടികള്‍ ഉള്‍പ്പടെ 11 പേര്‍ മരിച്ചു. മദ്ധ്യപ്രദേശില്‍ ബേതൂര്‍ ജില്ലയിലെ ജലാറിലാണ് സംഭവം. മരിച്ചവരില്‍ 5 പുരുഷന്മാരും 4 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടുന്നു. ബസില്‍ ഡ്രൈവര്‍ ഒഴികെ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെ കലംബയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.
സുഖ്റാം ഭൂസ്മകര്‍ (30), മെന്ദ, ലീലാജി മവാസ്‌കര്‍ (32), കിഷന്‍ മവാസ്‌കര്‍ (28), കേജ മവാസ്‌കര്‍ (35), കേജ (5), സഹബ്ലാല്‍ ധുര്‍വെ (35) നന്‍ഹെസിംഗ് ഉയികെ (37), നന്ദകിഷോര്‍ ധുര്‍വെ (48), രാംറാവു ജാര്‍ബ്ഡെ (40), ശ്യാംറാവു (35) എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍. പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റു.

തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം. ഡ്രൈവര്‍ ഉറങ്ങിയതോടു കൂടി നിയന്ത്രണം വിട്ട് ടവേര എതിര്‍വശത്തു നിന്നു വന്ന ബസില്‍ പോയി ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ തന്നെ പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു.