ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രാംപൂരിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ പേര് നീക്കം ചെയ്തു. വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ആണ് നടപടി. ബി ജെ പിയുടെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ആകാശ് സക്സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റാംപൂര്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ അസം ഖാന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. 2019 ലെ വിദ്വേഷ പ്രസംഗ കേസില്‍ കഴിഞ്ഞ മാസം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാംപൂര്‍ എം എല്‍ എ ആയിരുന്ന അസം ഖാനെ അയോഗ്യനാക്കിയിരുന്നു. വിദ്വേഷ പ്രസംഗ കേസില്‍ അസം ഖാനെ മൂന്ന് വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെ രാംപൂര്‍ സദര്‍ അസംബ്ലി സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ശേഷം മൂന്ന് വര്‍ഷത്തെ തടവിന് ശേഷം നിയമസഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ അസം ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചു. നേതാവ് അസം ഖാന്റെ ഹര്‍ജി പരിഗണിക്കാന്‍ യു പിയിലെ രാംപൂരിലെ സെഷന്‍സ് കോടതിയോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ആഴ്ച സെഷന്‍സ് കോടതി അസംഖാന്റെ അപ്പീല്‍ തള്ളി.ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഇതോടെയാണ് അസം ഖാന്റെ പേര് നീക്കം ചെയ്യണം എന്ന ആവശ്യവുമായി ബി ജെ പി രംഗത്തെത്തിയത്. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി അസംഖാന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് ബിജെപി അപേക്ഷ സമര്‍പ്പിച്ചത്.അപേക്ഷകന്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം, കോടതി വിധിയുടെ പകര്‍പ്പുകളും, 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളും പരിഗണിച്ചപ്പോള്‍ അസം ഖാന്റെ പേര് നീക്കം ചെയ്യാന്‍ സാധുതയുണ്ട്. അതനുസരിച്ച്, വിധാന്‍ സഭ 37-രാംപൂരിലെ സീരിയല്‍ നമ്പര്‍-333 ല്‍ നിന്ന് അസം ഖാന്റെ പേര് ഉടന്‍ നീക്കം ചെയ്യണം എന്നാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ പറയുന്നത്.അതിനിടെ രാംപൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുകയും ചെയ്തു. ഡിസംബര്‍ അഞ്ചിനാണ് രാംപൂര്‍ സദര്‍ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ്. നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ അസം ഖാന്റെ അടുത്ത അനുയായി അസിം രാജയെ ആണ് എസ് പി മത്സരിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യം രാംപൂര്‍ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാര്‍ത്ഥിയായി അസീം രാജ മത്സരിച്ചെങ്കിലും ബി ജെ പിയുടെ ഘന്‍ശ്യാം ലോധിയോട് പരാജയപ്പെട്ടിരുന്നു. 1977 ന് ശേഷം ആദ്യമായാണ് അസം ഖാനോ അദ്ദേഹത്തിന്റെ കുടുംബാംഗമോ അല്ലാത്തൊരാള്‍ രാംപൂര്‍ നിയമസഭാ സീറ്റില്‍ എസ് പി സ്ഥാനാര്‍ത്ഥിയാകുന്നത്. 1977 മുതല്‍ 2022 വരെ 12 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അസം ഖാന്‍ ഇവിടെ നിന്ന് മത്സരിച്ചിട്ടുണ്ട്. അതില്‍ പത്ത് തവണ വിജയിക്കുകയും രണ്ട് തവണ പരാജയപ്പെടുകയും ചെയ്തു. 2019ല്‍ അസം ഖാന്‍ എം പിയായതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ തസീന്‍ ഫാത്തിമ മത്സരിച്ച് വിജയിച്ചു. ഇത്തവണ സമാജ്വാദി പാര്‍ട്ടി അസം ഖാന്റെ ഭാര്യ തന്‍സീന്‍ ഫാത്തിമയെയോ മരുമകളെയോ മത്സരിപ്പിക്കാതെ അദ്ദേഹത്തിന്റെ വിശ്വസ്തനായ അസിം രാജക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. വ്യാഴാഴ്ച അസിം രാജ അസം ഖാന്റെ സാന്നിധ്യത്തില്‍ രാംപൂര്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.