ഏറ്റവും നൂതനമായ ട്രൂ 5ജി നെറ്റ്‌വർക്ക് ഉടൻ അവതരിപ്പിക്കും, റിലയൻസ് ജിയോയുടെ പുതിയ നീക്കങ്ങൾ അറിയാം

രാജ്യത്ത് ഏറ്റവും നൂതനമായ ട്രൂ 5ജി സേവനങ്ങൾ നൽകാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇതിലൂടെ ട്രൂ 5ജി സേവനങ്ങൾ നൽകുന്ന ഏക ഓപ്പറേറ്റർമാരാണെന്ന അവകാശവാദവും ജിയോ ഉന്നയിക്കുന്നുണ്ട്. നിലവിൽ, ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുൾപ്പെടെ ഡൽഹി- എൻസിആർ മേഖലകളിലുടനീളം ഇതിനോടകം ട്രൂ 5ജി സേവനങ്ങൾ റിലയൻസ് ജിയോ നൽകുന്നുണ്ട്.

5ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപഭോക്തൃ അനുഭവം ലഭിക്കുന്നതാണ്. സ്റ്റാൻഡ്- എലോൺ 5ജി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് ‘ട്രൂ 5ജി’ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്. ഉപഭോക്താക്കൾക്കായി ‘ജിയോ വെൽക്കം ഓഫറാണ്’ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നിലവിലുള്ള ജിയോ സിം 5ജി ഹാൻഡ്സെറ്റിലേക്ക് മാറ്റാതെ തന്നെ, ട്രൂ 5ജി സേവനത്തിലേക്ക് സ്വയം അപ്ഗ്രേഡ് ചെയ്യുന്നതാണ്.

രാജ്യ തലസ്ഥാനത്തും എൻസിആർ മേഖലകളുടെ ഭൂരിഭാഗം സ്ഥലങ്ങളിലും 5ജി കവറേജ് ഉറപ്പുവരുത്താൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ റസിഡൻഷ്യൽ ഏരിയകൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മാളുകൾ, മാർക്കറ്റുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ ട്രൂ 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.