ആമസോൺ: തൊഴിൽ നിയമങ്ങൾ ലംഘിച്ചു, സമൻസ് അയച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം

ആമസോണിനെതിരെ നിയമ നടപടിക്കൊരുങ്ങി കേന്ദ്ര തൊഴിൽ മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാരെ നിർബന്ധിതമായി പിരിച്ചുവിട്ടതിനെ തുടർന്ന് ആമസോൺ ഇന്ത്യക്ക് സമൻസ് അയച്ചിട്ടുണ്ട്. ആമസോൺ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എംപ്ലോയീസ് യൂണിയൻ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റാണ് (എൻഐടിഇഎസ്) കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകിയിരിക്കുന്നത്.

സമൻസിൽ ആമസോണിനോട് ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 30- നകം പിരിച്ചുവിടൽ നടപടി പൂർത്തിയാക്കാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, വ്യവസായ തർക്ക നിയമ പ്രകാരം, സർക്കാരിന്റെ അനുമതിയില്ലാതെ തൊഴിലുടമയെ പിരിച്ചുവിടാൻ കഴിയില്ലെന്നാണ് എൻഐടിഇഎസിന്റെ വാദം. ഇത്തരത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോൾ ജീവനക്കാരുടെ ഉപജീവനമാർഗ്ഗം തന്നെ ഇല്ലാതാക്കുമെന്ന് എൻഐടിഇഎസ് വ്യക്തമാക്കി. ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ആമസോൺ ജീവനക്കാരെ പിരിച്ചുവിടുന്നത്.