നിങ്ങളുടെ ചിത്രം പാകിസ്ഥാന് എതിരാണല്ലോ: പാക് പൗരന്റെ ചോദ്യത്തിന് മറുപടിയുമായി അക്ഷയ് കുമാര്‍

മുംബൈ: അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച ‘ബെല്‍ ബോട്ടം’ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. 1980കള്‍ പശ്ചാത്തലത്തമാക്കിയ ചിത്രം ഫ്‌ലൈറ്റ് ഹൈജാക്കുകളെ കുറിച്ചാണ് പറഞ്ഞത്. സ്‌പൈ ത്രില്ലര്‍ ചിത്രമായ ബെല്‍ ബോട്ടത്തിലെ അക്ഷയ് കുമാറിന്റെ പ്രകടനവും ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

ഇന്ത്യയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ചില വിദേശ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇതാ ബെല്‍ ബോട്ടം പാകിസ്ഥാന് എതിരാണല്ലോ എന്ന പാകിസ്ഥാന്‍ പൗരന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അക്ഷയ് കുമാര്‍.

‘ഞാനൊരു പാകിസ്ഥാനിയാണ്. നിങ്ങളോട് എനിക്ക് ഒരു അപേക്ഷയുണ്ട്. പാഡ് മാന്‍, ടോയിലെറ്റ് പോലുള്ള വളരെ മികച്ച സിനിമകള്‍ നിങ്ങള്‍ ചെയ്യുന്നുണ്ട്. സമീപകാലത്ത് ഇറങ്ങിയ നിങ്ങളുടെ ബെല്‍ ബോട്ടം എന്ന സിനിമ പാകിസ്ഥാന് എതിരെയാണല്ലോ സംസാരിക്കുന്നത്?’ എന്നായിരുന്നു അക്ഷയ് കുമാറിനോടുള്ള ചോദ്യം. ‘സര്‍, അതൊരു സിനിമ മാത്രമാണ്. അതിനെ ഇത്രയും ഗൗരവമായി കാണരുത്.’ എന്നാണ് ഇതിനോട് അക്ഷയ് കുമാര്‍ പ്രതികരിച്ചത്.