സംസ്ഥാന സര്‍ക്കാരുമായുള്ള പോര് കടുപ്പിക്കാന്‍ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള പോര് കടുപ്പിക്കാന്‍ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ നാളെ വാര്‍ത്താസമ്മേളം വിളിച്ചിരിക്കുകയാണ് ഗവര്‍ണര്‍.

രാജ്ഭവനില്‍ രാവിലെ 11.45-നാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. 2019-ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് വിവരം. കൂടാതെ, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്തുകളും പുറത്തുവിട്ടേക്കുമെന്നുമാണ് വിവരം.

കെകെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യംവഹിച്ച ദേശീയ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍ ഗവര്‍ണര്‍ക്കെതിരേ വലിയ പ്രതിഷേധമായിരുന്നു 2019 ഡിസംബര്‍ 28-ന് ഉയര്‍ന്നത്.