ചരിത്ര പ്രസിദ്ധമായ നഗരങ്ങളിലേക്ക് യാത്രകൾ പോകാനുള്ള അവസരവുമായി ഐആർസിടിസി

ന്യൂഡൽഹി : ചരിത്ര പ്രസിദ്ധമായ നഗരങ്ങളിലേക്ക് യാത്രകൾ പോകാനുള്ള അവസരവുമായി ഐആർസിടിസി. ഇന്ത്യയിലെ ചരിത്ര പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും കോർത്തിണക്കിയാണ് ഐആർസിടിസി ഏറ്റവും പുതിയ വിമാനയാത്രാ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. വിമാന ടിക്കറ്റുകൾ, ത്രീ സ്റ്റാർ ഹോട്ടൽ പ്രഭാത ഭക്ഷണം, അത്താഴം, താമസ സൗകര്യം, യാത്രകൾക്ക് വാഹനം, യാത്രാ ഇൻഷുറൻസ്, ടൂർ മാനേജർമാരുടെ സേവനം എന്നിവ ഉൾപ്പെടുന്ന പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൽ നിന്നും ഒക്ടോബർ 19 മുതലാണ് രാജസ്ഥാൻ വിമാനയാത്ര ആരംഭിക്കുന്നത്. 43,800 രൂപയാണ് ടിക്കറ്റ് നിരക്ക്. ഷിംല, മണാലി, ഛത്തീസ്ഗഡ് പാക്കേജുകൾ നവംബർ മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്ര ആരംഭിക്കുക. ഈ യാത്രയ്ക്ക് 52,670 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

സോംനാഥ്, ദ്വാരക എന്നിവ ഉൾപ്പെടുന്ന ഡിവൈൻ ഗുജറാത്ത് യാത്ര നവംബർ ഏഴിനാണ് പുറപ്പെടുന്നത്. കൊച്ചി വിമാനത്താവളത്തിൽ നിന്നും ആരംഭിക്കുന്ന ഈ യാത്രയുടെ ടിക്കറ്റ് നിരക്ക് 36,100 രൂപ മുതലാണ്. അതേസമയം, ഭുവനേശ്വർ, പുരി, കൊണാർക്ക് യാത്രയുടെ ടിക്കറ്റ് നിരക്ക് 42,250 രൂപ മുതലാണ്. ഡിസംബർ ഒന്നിന് കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്.