എത്തിപ്പെടാനുള്ള പ്രയാസവും ദുഷ്കരമായ സാഹചര്യവും മൂലം എന്നും ദുരൂഹമാണ് ഐസ് മൂടിയ ഭൂഖണ്ഡമായ അന്റാർട്ടിക്ക. ഇപ്പോഴിതാ അന്റാർട്ടിക്കയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നു. 460 കിലോമീറ്റർ നീഴമുള്ള ഒരു വൻ നദി അന്റാർട്ടിക്കയിലെ ഐസ്പാളികൾക്ക് അടിയിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഏകദേശം ഇരട്ടി നീളമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ നദിക്കുള്ളത്. ലണ്ടനിലെ ഇംപീരിയൽ കോളജിൽ നിന്നുള്ള ഗവേഷകനായ പ്രഫസർ മാർട്ടിൻ സീഗർട്ടും സംഘവുമാണ് കണ്ടെത്തലിനു പിന്നിൽ. പണ്ട് അന്റാർട്ടിക്കയിലെ ഐസ്പാളികൾക്ക് അടിയിൽ തടാകങ്ങൾ കണ്ടെത്തിയിട്ടുള്ള ഗവേഷകനാണ് പ്രഫസർ മാർട്ടിൻ സീഗർട്ട്.
അന്റാർട്ടിക്കയിലെ ഐസ് പാളികൾക്ക് അടിയിൽ ഇത്രയും നീളവും വ്യാപ്തിയുമുള്ള ഒരു നദി സ്ഥിതി ചെയ്യുന്നെന്നത് ഒരേസമയം ആശ്ചര്യവും ആശങ്കയും ഉളവാക്കുന്ന സംഭവമാണെന്ന് പ്രഫസർ സീഗർട്ട് പറയുന്നു. ഘനപ്പെട്ട ഐസ് പാളികൾക്ക് താഴെ ഇത്രയും ജലശ്രോതസ്സുണ്ടെന്നുള്ളത്, കാലാവസ്ഥാവ്യതിയാനം ഐസ്പാളികളെ കൂടുതൽ ബാധിക്കാനിടയാക്കുന്ന സംഭവമാണ്.ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം അന്‌റാർട്ടിക്കയിലെ ഐസ് പാളികൾ റെക്കോർഡ് വേഗത്തിലാണ് ഉരുകുന്നതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ നിലകളിലേക്ക് ഇതുയർന്നാൽ കടലിലെ ജലനിരപ്പുയരാനും ലോകമെങ്ങും പ്രതിസന്ധിയുണ്ടാക്കാനും ഇതു വഴിയൊരുക്കുമെന്ന് പണ്ടേ നിഗമനമുണ്ട്. കഴിഞ്ഞ ജൂണിൽ അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെൽഫായ റോസ് ഐസ് പാളിക്കടിയിൽ ഒരു ചെറിയ നദിയും അതിൽ ജീവികളെയും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു . റോസ് ഐസ്‌ഷെൽഫിന്‌റെ 1600 അടി താഴ്ചയിൽ ആണ് ഏകദേശം 10 കിലോമീറ്റർ നീളവും 800 അടി ആഴവുമുള്ള നദിയം കണ്ടെത്തിയത്.ന്യൂസീലൻഡിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്‌മോസ്‌ഫെറിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് അതിമർദ്ദത്തിൽ ഉഷ്ണജലം പുറപ്പെടുവിക്കുന്ന ഉപകരണം ഉപയോഗിച്ച് ഐസ് പാളി തുരന്ന് അടിയിൽ നദി കണ്ടെത്തിയത്. കൊഞ്ചുകളോട് സാമ്യമുള്ള ആംഫിപോഡുകൾ എന്ന ജീവികൾ ഈ നദിയിൽ അധിവസിക്കുന്നതായും കണ്ടെത്തിയിരുന്നു. അന്‌റാർട്ടിക്കയയിലെ കട്ടിപിടിച്ചുള്ള ഐസ് പാളികൾക്കു താഴെയുള്ള ലോകങ്ങൾ ശാസ്ത്രത്തിന് എന്നുമൊരു ദുരൂഹതയാണ്. കട്ടിയേറിയ ഈ ഐസ് തുരന്നുമാത്രമേ താഴേക്കെത്തി ഇവയെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കൂ. എന്നാൽ പ്രതികൂലമായ കാലാവസ്ഥയും മറ്റു പരിതസ്ഥിതികളും എപ്പോഴും പ്രതിബന്ധം സൃഷ്ടിക്കും. എന്നാൽ ശക്തമായ ഗവേഷണം ഇവിടെ നടത്തിയാൽ മറഞ്ഞിരിക്കുന്ന കൗതുകകരമായ പല രഹസ്യങ്ങളും വെളിപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
കഴിഞ്ഞ വർഷം റോസ് ഐസ്‌ഷെൽഫിന്‌റെ നേരെ വിപരീത ദിശയിൽ സ്ഥിതി ചെയ്യുന്ന ഫിൽച്‌നർ റോൺ ഐസ് ഷെൽഫിന്‌റെ 4000 അടി ആഴത്തിൽ വിചിത്രമായ ചില ജീവികളെ ബ്രിട്ടിഷ് അന്‌റാർട്ടിക് സർവേയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ചലിക്കാത്ത സ്പഞ്ചുകൾ പോലുള്ള ജീവികളാണ് ആഴത്തിലെ പാറയിൽ പറ്റിപ്പടർന്നു വളരുന്ന നിലയിൽ കണ്ടെത്തിയത്. സാധാരണ ഗതിയിൽ ഇത്രയും താഴെ ജീവികളെ കണ്ടാൽത്തന്നെയും അവ സൂക്ഷ്മജീവികളോ ചലിക്കുന്ന ജീവികളോ ആയിരിക്കും. എന്നാൽ ചലിക്കാത്ത സ്പഞ്ചുകൾ തീരെ ധാതുസാന്നിധ്യമില്ലാത്ത ഈ മേഖലയിൽ എങ്ങനെ സ്ഥിതി ചെയ്യുന്നു എന്നതിന്‌റെ ഉത്തരം കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല.