വൈസ് ചാൻസിലറായി ചുമതലയേൽക്കാനെത്തിയ ഡോ. സിസാ തോമസിനെ തടഞ്ഞ് എസ്എഫ്ഐ: കെടിയുവിൽ സംഘർഷാവസ്ഥ

തിരുവനന്തപുരം: ഡോ. സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക ചുമതലയേറ്റു. സർവകലാശാലക്ക് പുറത്ത് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് സിസാ തോമസ് വിസിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്. ചുമതല ഏൽക്കാനെത്തിയ സിസാ തോമസിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. കെടിയുവിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സർക്കാർ ശുപാർശ തള്ളിയാണ് രാജ്ഭവൻ ഡോ. സിസ തോമസിന് താത്കാലിക ചുമതല നൽകി ഉത്തരവിറക്കിയത്.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. പുതിയ വി.സിയെ നിയമിക്കുന്നതുവരെയാണ് ഡോ. സിസാ തോമസിന് കെ.ടി.യു. വൈസ് ചാൻസലർ ചുമതല താൽക്കാലികമായി നൽകിയിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്.

നേരത്തെ, ഡോ. രാജശ്രീ എം.എസിന്റെ വൈസ് ചാൻസലറായുള്ള നിയമനം യു.ജി.സി. ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വൈസ് ചാൻസലർ നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.