വിവരാവകാശം മറുപടികള്‍ പൂര്‍ണ്ണവും വ്യക്തവുമായിരിക്കണം: വിവരാവകാശ കമ്മീഷൻ

വയനാട്: വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണവും വ്യക്തവുമായ മറുപടികള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ സെമിനാര്‍ നിര്‍ദ്ദേശം നല്‍കി. പൂക്കോട് വെറ്ററിനറി ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ജില്ലയിലെ വിവിധ വകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കായി നടന്ന സംസ്ഥാന വിവരാവകാശ സെമിനാറാണ് വിവരവകാശ നിയമവും സര്‍ക്കാര്‍ വകുപ്പും തമ്മില്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് വേണം പ്രവര്‍ത്തിക്കാന്‍. അതുപോലെ അപേക്ഷകര്‍ നിയമം ദുരുപയോഗം ചെയ്യുന്നതും വിവരാവകാശ നിയമത്തിന്റെ അന്തസത്തയെ ബാധിക്കും. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും റെഗുലേഷനുകളും പൊതുജന നന്മയ്ക്കായുള്ള ക്രമീകരണങ്ങള്‍ മാത്രമാണ്. അന്തിമമായി നിയമത്തെ സാധാരണ മനുഷ്യന് എങ്ങനെ പ്രയോജനകരമാക്കാം എന്നാണ് പരിശോധിക്കേണ്ടത്. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനകം മറുപടി നല്‍കയാല്‍ മതിയെന്നാണ് വ്യവസ്ഥയെങ്കിലും വിവരങ്ങള്‍ പരമാവധി നേരത്തെ ലഭ്യമാക്കാന്‍ ശ്രമിക്കണം. വിവരങ്ങള്‍ നിഷേധിക്കുമ്പോള്‍ എത് വകുപ്പ് പ്രകാരമാണെന്ന് അപേക്ഷകനെ ബോധ്യപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഭരണ സംവിധാനങ്ങള്‍ സുതാര്യവും ഉത്തരാവാദിത്ത പൂര്‍ണ്ണവുമാക്കാന്‍ വിവരാവകാശ നിയമം സഹായിച്ചിട്ടുണ്ട്. രാജ്യത്തെ നടുക്കിയ പല അഴിമതികളും പുറത്ത് കൊണ്ടുവരുന്നതില്‍ നിയമം വലിയ പങ്ക് വഹിച്ചു. ദുരുദ്ദേശപരമായി നിയമത്തെ ഉപയോഗപ്പെടുത്തുന്നത് അനീതിയാണെന്നും കമ്മീഷന്‍ പറഞ്ഞു. സെമിനാറില്‍ വിവരാവകാശ നിയമവും ഉദ്ദേശ ലക്ഷ്യങ്ങളും എന്ന വിഷയത്തില്‍ വിവരാവകാശ കമ്മീഷണര്‍ കെ.വി സുധാകരന്‍ ക്ലാസ്സെടുത്തു. നിയമ രൂപീകരണത്തിന്റെ നാള്‍വഴികളും പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. പൊതുജനങ്ങള്‍ അപേക്ഷയും അപ്പീലുകളും നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടപടി ക്രമങ്ങളും വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എല്‍. വിവേകാനന്ദന്‍ വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്കും കമ്മീഷണര്‍മാര്‍ മറുപടി നല്‍കി. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍ സംസാരിച്ചു.