തൊഴിലാളികളുടെ റൂമുകളില്‍ ഭാര്യയാണെന്ന പേരില്‍ തങ്ങി ബ്രൗണ്‍ഷുഗര്‍ വില്‍പന

കോലഞ്ചേരി: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ മറയാക്കി വന്‍ മയക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.

തൊഴിലാളികളുടെ റൂമുകളില്‍ ഭാര്യയാണെന്ന പേരില്‍ തങ്ങി ബ്രൗണ്‍ഷുഗര്‍ വന്‍ തോതില്‍ വിപണനം ചെയ്യുന്നതായാണ് കണ്ടെത്തല്‍.ഇതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ പൊലീസ് നടത്തിയ പരിശോധനകളില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഹരിവില്‍പന സംഘമാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്ത് ക്യാമ്പുകളില്‍ എത്തിക്കുന്നത്. പല റൂമുകളില്‍ മാറിമാറി താമസിക്കുന്ന ഇവരുടെ രഹസ്യഭാഗങ്ങളിലാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നത്. പൊലീസ് പിടികൂടാനെത്തിയാല്‍ വിവസ്ത്രയായി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് രീതി.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ ഒരു സ്റ്റേഷനില്‍ നാല് ലേബര്‍ ക്യാമ്പുകളില്‍ നിന്നായി സ്ത്രീകളെ പിടികൂടിയിരുന്നു. വലിയ കേസെടുക്കാനുള്ള അളവില്‍ ലഹരിമരുന്ന് ഇവരില്‍ നിന്ന് ലഭിക്കാത്തതിനാല്‍ പതിനായിരം പിഴ ചുമത്തി വിട്ടയച്ചു.

വില്പനക്കാരായ സ്ത്രീകളെ അനാശാസ്യത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തുക സ്ത്രീകള്‍ക്ക് ലഭിക്കും. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആയുര്‍വേദ ടാബ്ലറ്റ് എന്ന പേരില്‍ സ്ത്രീകള്‍ ലൈംഗിക ഉത്തേജകമരുന്ന് വില്പനയും നടത്തുന്നുണ്ട്.