ബാംഗ്ലൂർ: കോൺഗ്രസിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിന് ബാംഗ്ലൂർ കോടതിയുടെ നിർദേശം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ കെജിഎഫ് ചിത്രത്തിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന കേസിലാണ് കോടതിയുടെ നിർദേശം. താത്കാലികമായി അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ അടുത്ത വാദം കേൾക്കുന്നത് വരെ സംഗീതം ഉപയോഗിക്കുന്നതിൽ നിന്ന് കോൺഗ്രസിനെ കോടതി വിലക്കി.
ട്വിറ്റർ പ്ലാറ്റ്‌ഫോമിൽ നിന്ന് മൂന്ന് ലിങ്കുകൾ നീക്കം ചെയ്യാനും കോൺഗ്രസിന്റേയും ഭാരത് ജോഡോ യാത്രയുടെയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഉത്തരവിടുകയും ചെയ്തു.
ഭാരത് ജോഡോ യാത്രയുടെ വീഡിയോയിൽ കെജിഎഫ് 2 വിലെ ഗാനം ഉപയോഗിച്ചതിന്റെ പേരിൽ പകര്‍പ്പാവകാശ നിയമലംഘനത്തിന് നേരത്തേ, രാഹുൽ ഗാന്ധി, ജയറാം രമേശ് എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
രാഹുൽ ഗാന്ധിക്കും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിനും പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേതിനുമെതിരെ എംആര്‍ടി മ്യൂസിക്കാണ് പരാതി നല്‍കിയത്. വാദിഭാഗമായ എംആർടി മ്യൂസിക്കിന് നഷ്ടം ഉണ്ടാകുമെന്നും കോപ്പിറൈറ്റ് ലംഘനം നടത്തിയെന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി കോടതി ചൂണ്ടിക്കാട്ടി.