‘ആദ്യം ഇച്ചിരി വിഷമം ഉണ്ടാകും, പിന്നെ ശീലമായിക്കോളും’: ഒമര്‍ ലുലു

കൊച്ചി: യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്. ഒമർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും ഒപ്പം സഹപ്രവര്‍ത്തകർക്കുള്ള കുറിപ്പും ശ്രദ്ധ നേടുകയാണ്.

ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന ചിത്രമാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. ‘തെറിവിളികളും, കളിയാക്കലുകളും ആദ്യമായി കേള്‍ക്കുന്ന എന്റെ സഹപ്രവര്‍ത്തകരോട്, ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ട, ആദ്യം ഒക്കെ ഇച്ചിരി വിഷമമൊക്കെ ഉണ്ടാകും, പിന്നെ അങ്ങട് ശീലമായിക്കോളും’ എന്നാണ് ഒമര്‍ ലുലു ചിത്രത്തിനൊപ്പം കുറിച്ചത്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം’ റിലീസിന് തയ്യാറെടുക്കുകയാണ്. ‘നല്ല സമയം’ സ്റ്റോണര്‍ കോമഡി ചിത്രമാണെന്നും ഇതിന്റെ ഫൈനല്‍ ബിജിഎം വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നും ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നു. ഇര്‍ഷാദ് നായകനാകുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് നായികമാരാകുന്നത്. ചിത്രം നവംബര്‍ 18ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.