പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സി.പി.ഐ.എമ്മിന്‍റെ ശ്രമമെങ്കിൽ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മേയര്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സി.പി.ഐ.എമ്മിന്‍റെ ശ്രമമെങ്കിൽ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. സി.പി.ഐ.എം പറയുന്നത് ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പോലീസ് കരുതണ്ടെന്ന് കെ സുധാകരന്‍ ആഞ്ഞടിച്ചു.

‘മേയറുടെ വഴി തടഞ്ഞ ചുണക്കുട്ടികളായ കെ.എസ്.യു പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ, സി.പി.എം ക്രിമിനലുകള്‍ ക്രൂരമായി കണ്‍മുന്നിലിട്ട് തല്ലിചതച്ചിട്ടും പോലീസ് നിഷ്‌ക്രിയമായി നോക്കിനിന്നു. സംസ്ഥാന സര്‍ക്കാരും സി.പി.ഐ.എമ്മും തുടര്‍ച്ചയായി വഞ്ചിച്ച സംസ്ഥാനത്തെ യുവാക്കളുടെ പ്രതിഷേധമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയത്. കെ.എസ്.യു പ്രവര്‍ത്തകരെ കയ്യാമം വെച്ച പോലീസ് അക്രമികളായ സി.പി.ഐ.എം പ്രവര്‍ത്തകരെ വെറുതെ വിടുകയും ചെയ്തു.

അധികാരത്തിന്റെ തണലില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തിണ്ണമിടുക്ക് കാട്ടാന്‍ മുതിരുമ്പോള്‍ അതിന് കെ.എസ്.യുവിന്റെ കുട്ടികളെ ബലിയാടാക്കാമെന്ന് പോലീസ് സ്വപ്‌നം കാണണ്ട. മേയര്‍ക്കെതിരായ ഗുരുതര ആരോപണം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനോ, പ്രിന്‍സിപ്പാളിനെതിരെ കൊലവിളി നടത്തുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയോ സംരംഭകരുടെ മേല്‍ കുതിരകേറുന്ന ഇടതു തൊഴിലാളി സംഘടനയുടെ നേതാക്കള്‍ക്കെതിരെയോ നടപടി സ്വീകരിക്കാന്‍ നട്ടെല്ലില്ലാത്ത പോലീസ് സി.പി.ഐ.എമ്മിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് കരുതേണ്ട’- സുധാകരന്‍ പറഞ്ഞു.