കുടിയേറ്റക്കാരില്‍ കണ്ണുനട്ട് ആസ്ട്രേലിയ

കോവിഡ് പ്രതിസന്ധി മാറിയെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാതെ ആസ്ട്രേലിയയിലെ
പല വ്യവസായ മേഖലകളുടെയും നടത്തിപ്പ് ദുഷ്കരമായിരിക്കുകയാണ്.
കുടിയേറ്റ നിയമങ്ങള്‍
ലഘൂകരിച്ച്‌ പ്രവാസികളെ കൂടുതല്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം
മറ്റു പല പടിഞ്ഞാറന്‍ രാജ്യങ്ങളെയുംപോലെ കുടിയേറ്റ ജനതയുടെ സാന്നിധ്യംകൊണ്ട് നേട്ടമുണ്ടാക്കിയ നാടാണ് ആസ്ട്രേലിയ. മനുഷ്യവിഭവശേഷിയുടെ അഭാവമാണ് അവരിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആരോഗ്യപരിരക്ഷ, അധ്യാപനം, എന്‍ജിനീയറിങ് തുടങ്ങി സുപ്രധാന തൊഴില്‍മേഖലയിലെല്ലാം ആവശ്യത്തിന് ആളില്ലാത്ത പ്രശ്നമുണ്ട്. കുടിയേറ്റ നിയമങ്ങളില്‍ മാറ്റംവരുത്തി ഇതിനെ മറികടക്കാനാണ് ആ രാജ്യമിന്ന് ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ കുറവ് ആസ്ട്രേലിയന്‍ സമ്ബദ്‍വ്യവസ്ഥയെത്തന്നെ ബാധിക്കുന്ന അവസ്ഥയെത്തി. അതിനാല്‍, രണ്ടാം ലോകയുദ്ധ ശേഷം വാതില്‍ മലര്‍ക്കെ തുറന്നിട്ട് കുടിയേറ്റക്കാര്‍ക്ക് ഇടം നല്‍കിയതുപോലെ പുറംനാടുകളില്‍നിന്നുള്ള വിദഗ്ധരെ വീണ്ടുമെത്തിക്കാനാണ് ശ്രമം.

ഈ വര്‍ഷം ജൂലൈയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ അതിവേഗത്തിലാണ് രാജ്യത്തെ സാമ്ബത്തിക മേഖല പുഷ്ടിപ്രാപിച്ചത്. സമ്ബദ് വ്യവസ്ഥ ഈ വര്‍ഷം 3.25 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ആസ്ട്രേലിയയുടെ കണക്കുകൂട്ടല്‍. അത് സാധ്യമാകണമെങ്കില്‍ എല്ലാ മേഖലയിലും കഴിവുറ്റ ജീവനക്കാര്‍ വേണമല്ലോ. 12 മാസത്തിനിടെ 40 ശതമാനം ജോലി ഒഴിവുകളാണ് രാജ്യത്തുണ്ടായിരിക്കുന്നത്. അതിര്‍ത്തിയിലെ രണ്ടു വര്‍ഷംനീണ്ട കര്‍ശന കോവിഡ് നിയന്ത്രണങ്ങളും അവധിത്തൊഴിലാളികളുടെയും വിദേശ വിദ്യാര്‍ഥികളുടെയും കൂട്ട ഒഴിഞ്ഞുപോക്കുമാണ് തൊഴിലാളിക്ഷാമം ഇത്രകണ്ട് രൂക്ഷമാക്കിയത്. നിയന്ത്രണങ്ങള്‍മൂലം പുറമെനിന്നുള്ള ജോലിക്കാര്‍ക്ക് രാജ്യത്ത് എത്താന്‍ സാധിക്കുമായിരുന്നില്ല, നല്ല വരുമാനമുള്ള മറ്റു ജോലികള്‍ ഉള്ള സ്ഥിതിക്ക് തദ്ദേശീയരാരും അത്യധ്വാനം വേണ്ട പണികള്‍ക്ക് ഇറങ്ങുന്നുമില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രശ്നങ്ങള്‍മൂലം ആസ്ട്രേലിയയില്‍നിന്ന് ഒഴിഞ്ഞുപോയത് ആറുലക്ഷത്തിലേറെപ്പേരാണെന്ന് കമ്മിറ്റി ഫോര്‍ ഇക്കണോമിക് ഡെവലപ്മെന്റ് ഓഫ് ആസ്ട്രേലിയ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പതിറ്റാണ്ടിനിടെ വേതനം ഏറെ വര്‍ധിച്ചിട്ടും പല വ്യവസായങ്ങള്‍ക്കും ആവശ്യമായ ജീവനക്കാരെ കണ്ടെത്താന്‍ സാധിക്കുന്നില്ല.

കഴിഞ്ഞ മേയ് മാസം ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴുള്ള കണക്കനുസരിച്ച്‌ പത്തു ലക്ഷം വിസ അപേക്ഷകളാണ് പരിഗണന കാത്തുകിടക്കുന്നത്. വിസ നിയമങ്ങളും താങ്ങാനാവാത്ത ഫീസുമെല്ലാമായി വലിയ കടമ്ബകളാണ് അവര്‍ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം കോവിഡാനന്തര കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. യു.എസും യൂറോപ്യന്‍ യൂനിയനും കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിച്ച്‌ ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് ഈ പ്രശ്നത്തെ സംബോധന ചെയ്യാനായാണ്.

അയല്‍രാജ്യമായ ന്യൂസിലന്റിനുമുണ്ട് ആള്‍ക്ഷാമം, അവര്‍ കുടിയേറ്റ നിയമങ്ങളില്‍ താല്‍ക്കാലിക മാറ്റങ്ങള്‍ വരുത്തി ജോലികളില്‍ ആളെയെടുപ്പ് നടത്തുകയാണിപ്പോള്‍. കാനഡയും നേരിടുന്നുണ്ട് സമാനമായ ദൗര്‍ലഭ്യത. മുമ്ബ് സ്വീകരിച്ചതിന്റെ ഇരട്ടി കുടിയേറ്റക്കാരെ കാനഡ ഇപ്പോള്‍ ക്ഷണിക്കുന്നുണ്ട്. അവരുടെ വിസ ഫീസും താരതമ്യേന കുറവാണ്.

ഗുരുതരമായ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാന്‍ ആഗോളതലത്തില്‍നിന്ന് ആളെയെത്തിക്കുക തന്നെയാണ് രാജ്യത്തിന് മുന്നിലുള്ള പോംവഴി. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒനീല്‍, വ്യവസായ-വിദേശകാര്യ മന്ത്രി ഡോണ്‍ ഫറേല്‍ തുടങ്ങിയവരെല്ലാം ഇതുസംബന്ധിച്ച്‌ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. താങ്ങാനാവാത്ത വിമാനനിരക്കാണ് ആസ്ട്രേലിയയിലേക്ക് ആളെത്തുന്നതിന് വലിയ തടസ്സമാവുന്നതെന്ന് ഡോണ്‍ ഫറേല്‍ പറയുന്നു. അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും നിരവധിപേരാണ് കുറഞ്ഞകാല ജോലിക്കായി ഇവിടേക്ക് വന്നുപോയിരുന്നത്. കോവിഡിന് മുമ്ബുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയായി വിമാന നിരക്ക് വര്‍ധിച്ചതോടെ അവര്‍ വരാതെയായി. വിദ്യാര്‍ഥികളായിരുന്നു മറ്റൊരു തൊഴില്‍ സേന. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ കുറഞ്ഞ തോതില്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ആസ്ട്രേലിയയുടെ വിദ്യാഭ്യാസ വിപണിയിലും പാര്‍ട്ട്ടൈം ജോലി മേഖലയിലും നിറഞ്ഞ സാന്നിധ്യമായിരുന്ന ചൈനീസ് വിദ്യാര്‍ഥികള്‍ തീര്‍ത്തും അപ്രത്യക്ഷരാണ്. ചൈനയില്‍നിന്ന് നിരവധി സഞ്ചാരികളും ഇവിടെ എത്തിയിരുന്നു. എന്നാല്‍, രാജ്യവാസികള്‍ വിദേശയാത്ര ചെയ്യുന്നതിന് ചൈന കടുത്ത വിലക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതും മുടങ്ങി.

വിസ നടപടികള്‍ അതിവേഗമാക്കാനും നഴ്സിങ്, എന്‍ജിനീയറിങ്, ടെക്നോളജി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന് പദ്ധതി തയാറാക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആസ്ട്രേലിയന്‍ കുടിയേറ്റ പദ്ധതി പ്രകാരം 1,09,900 പുതിയ കുടിയേറ്റക്കാരെ ഈ വര്‍ഷം രാജ്യത്ത് അനുവദിക്കുമെന്നാണറിയുന്നത്.

രണ്ടാം ലോകയുദ്ധശേഷം ആസ്ട്രേലിയ കടുത്ത തൊഴിലാളി ക്ഷാമം നേരിട്ട ഒരു ഘട്ടമുണ്ടായിരുന്നു. യൂറോപ്പിലെ തൊഴിലാളികളെ രാജ്യത്തേക്ക് ക്ഷണിച്ചുവരുത്തിയാണ് അവര്‍ അതിന് പരിഹാരം തേടിയത്. ഇറ്റലി, യൂഗോസ്ലാവിയ, തുര്‍ക്കിയ, പോര്‍ചുഗല്‍, സ്കോട്ട്ലന്‍ഡ്, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നെല്ലാം വലിയ തോതില്‍ തൊഴിലാളികള്‍ എത്തിയതോടെയാണ് കല്‍ക്കരിഖനികള്‍ക്കും ഉരുക്ക് ഫാക്ടറികള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാനായത്.

അവസാനം പുറത്തുവന്ന സെന്‍സസ് കണക്കുകള്‍ പരിശോധിച്ചാല്‍ വെള്ളക്കാര്‍ നിറഞ്ഞുനിന്നിരുന്ന രാജ്യം ബഹുസ്വര രാജ്യമായി മാറിയിരിക്കുന്നുവെന്ന് കാണാം. ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റത്തിലെ വര്‍ധനയാണ് ഇതിന് വഴിയൊരുക്കിയത്. നിലവിലെ ക്ഷാമം പരിഹരിച്ച്‌ ആസ്ട്രേലിയന്‍ സമ്ബദ്‍വ്യവസ്ഥയെ ചലിപ്പിക്കാന്‍ ആരാണ് എത്തുക എന്നാണ് ഇനി അറിയേണ്ടത്. ഒരു പക്ഷേ, പുതിയ ഒരു കുടിയേറ്റ സംസ്കാരത്തിനാവും ലോകം സാക്ഷ്യംവഹിക്കുക.