പാലക്കാട് : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് മറ്റൊരു സംഘടന ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കി എന്‍ഐഎ. ഇതിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങള്‍, സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷന്‍, കൂട്ടായ്മകള്‍ എന്നിവയെല്ലാം ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ്.
ഇതിന് പുറമെ തീവ്ര ആശയവുമായി മറ്റേതെങ്കിലും ഇടപെടലുകള്‍ നടത്തുന്നവരെയും നിരീക്ഷിക്കും. ഒപ്പം മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. സംഘടനയുടെ പ്രവര്‍ത്തനത്തിന് സഹായം നല്‍കിയവര്‍, അവരുടെ സാമ്പത്തിക സ്രോതസ്സ്, നേതാക്കളുടെ സാമ്പത്തികവിവരങ്ങള്‍ എന്നിവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പിഎഫ്ഐ നിരോധിക്കുന്നതിന് മുന്‍പ് തന്നെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ശേഖരിച്ചിരുന്നു. നേതാക്കള്‍ പോകുന്ന സ്ഥലങ്ങള്‍ പ്രവര്‍ത്തകരുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നത്. നിലവില്‍ ഇത് കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.