മൊബൈല്‍ ഡേറ്റ ഉപയോഗിച്ച് നിങ്ങളുടെ മരണ സാധ്യത പ്രവചിക്കാം

കടയില്‍ സാധാനം വാങ്ങാന്‍ പോയാലും നടക്കാന്‍ പോയാലുമെല്ലാം നാം കൂടെ കൊണ്ടു നടക്കുന്ന ഒന്നായി മൊബൈല്‍ ഫോണുകള്‍ മാറിയിട്ടുണ്ട്. കൈയില്‍ ഘടിപ്പിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ പോലെതന്നെ നമ്മുടെ ചലനത്തെ അളക്കാന്‍ മൊബൈല്‍ ഫോണിനും കഴിയും. നടത്തം, ഓട്ടം, ചലനം എന്നിങ്ങനെ ഹൃദയാരോഗ്യ സംബന്ധമായ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സാക്ഷിയായ മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തുന്ന ഡേറ്റ ഉപയോഗിച്ച് നമ്മുടെ മരണസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇല്ലിനോയ് സര്‍വകലാശാലയിലെ ഗവേഷകര്‍.

 

ഇതിന് സഹായിക്കുന്ന ഒരു ആപ്പൊന്നും തയാറായിട്ടില്ലെങ്കിലും അതിനുളള സാധ്യതകള്‍ തുറന്നിടുകയാണ് ഇവിടുത്തെ ഗവേഷകരുടെ പഠനം. കൂടുതല്‍ നേരം ഓടിപ്പാഞ്ഞ് നടക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബ്രൂസ് ഷാറ്റ്സ് പറയുന്നു. ഇതിനുള്ള വൈദ്യശാസ്ത്രപരമായ തെളിവുകള്‍ മൊബൈല്‍ ഫോണ്‍ ഡേറ്റ വഴി കണ്ടെത്തുകയായിരുന്നു തങ്ങളുടെ ഗവേഷണലക്ഷ്യമെന്നും ബ്രൂസ് കൂട്ടിച്ചേര്‍ത്തു. 45നും 79നും ഇടയില്‍ പ്രായമായ ഒരു ലക്ഷം പേരുടെ വിവരങ്ങള്‍ യുകെ ബയോബാങ്കില്‍ നിന്ന് ഗവേഷണസംഘം ശേഖരിച്ചു. ഗവേഷണത്തില്‍ പങ്കെടുത്തവര്‍ കൈകളില്‍ സദാസമയവും റിസ്റ്റ് സെന്‍സറുകള്‍ അണിഞ്ഞിരുന്നു. ഇത് വഴി ഇവരുടെ ചലനസംബന്ധമായ വിവരങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. ഇതുപയോഗിച്ച് അഞ്ച് വര്‍ഷക്കാലത്തേക്ക് ഓരോ വര്‍ഷവും ഇവരുടെ മരണസാധ്യത ഗവേഷകര്‍ പ്രവചിച്ചു. ഇത് ശരിക്കുമുള്ള മരണ കണക്കുകളുമായി ഒത്ത് നോക്കിയപ്പോള്‍ പ്രവചനങ്ങളുടെ കൃത്യത തിരിച്ചറിയാന്‍ സാധിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലോ ഒരാള്‍ മരിക്കാനുള്ള സാധ്യതകള്‍ ഈ ഡേറ്റ ഉപയോഗിച്ച് പ്രവചിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താനും അത് വഴി തങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടാനും ഈ പ്രവചനങ്ങള്‍ സഹായിക്കും. ഹൃദയനിരക്ക് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന സ്മാര്‍ട്ട് വാച്ചുകളുടെ ഉപയോഗത്തിന് ഇപ്പോള്‍ പ്രചാരം വര്‍ധിക്കുകയാണ്. എന്നാല്‍ ഇവയുടെ വില എല്ലാവര്‍ക്കും താങ്ങാവുന്നതല്ല. ഇവിടെയാണ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള ആരോഗ്യ ഡേറ്റ ശേഖരണത്തിന്‍റെ പ്രസക്തി. ആശുപത്രികള്‍ക്ക് തങ്ങളുടെ രോഗികളുടെ ആരോഗ്യം ട്രാക്ക് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.