ബ്രണ്ണന്‍ കോളജില്‍ വെട്ടേറ്റു കിടന്ന എസ്.എഫ്.ഐ നേതാവിനെ ചുമലിലേറ്റി കൊണ്ടുപോയിട്ടുണ്ട്’: കെ സുധാകരൻ

കൊച്ചി: ബ്രണ്ണൻ കോളേജിലെ എസ്.എഫ്.ഐ നേതാവിനെ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബ്രണ്ണൻ കോളേജിൽ വെട്ടേറ്റു കിടന്ന എസ്.എഫ്.ഐ നേതാവിനെ താൻ രക്ഷിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന തന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എസ്.എഫ്.ഐ നേതാവിനെയും താൻ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് സുധാകരൻ വെളിപ്പെടുത്തിയത്.

എംവി രാഘവന് നേരെ സിപിഎം ഭീഷണി ഉയർന്നപ്പോൾ ആളെ വിട്ട് സംരക്ഷിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ഇപ്പോള്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും ലോക്സഭയിലേക്ക് ഇനി മത്സരിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം,കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞിരുന്നു. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്‌താവന പൊതുജനം വിലയിരുത്തട്ടെയെന്നും സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കട്ടെയെന്നുമായിരുന്നു​ ഗോവിന്ദന്റെ പ്രതികരണം. ഇതോടെയാണ്, എസ്.എഫ്.ഐക്കാരെയും താൻ സഹായിച്ച കാര്യം സുധാകരൻ തുറന്നു പറഞ്ഞത്.

തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നായിരുന്നു ഗോവിന്ദൻ ആരോപിച്ചത്. കണ്ണൂരിനെ ദത്തെടുത്ത് സി.പി.ഐ.എമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർ.എസ്.എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർ.എസ്.എസ് പറഞ്ഞതാണ്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നതിൽ പൂർണ്ണ പിന്തുണയാണ് സി.പി.ഐ.എം നല്‍കുന്നത്. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു.